യുവതിയുടെ മരണം ഇരുമ്പ് കമ്പി കൊണ്ട് തലയ്‌ക്ക് അടിയേറ്റ്

Thursday 08 January 2026 12:03 AM IST

കട്ടപ്പന : മത്തായിപ്പാറ എം.സി കവലയിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മലേക്കാവിൽ സുബിന്റെ (രതീഷ്)​ ഭാര്യ രജനിയെയാണ് (38) രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ വിരലടയാള, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുമ്പ് കമ്പികൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം. സുബിനും രജനിയുമായി കുടുംബ കലഹം പതിവായിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കേസുമുണ്ട്. ജനപ്രതിനിധികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. പിണങ്ങി കുടുംബ വീട്ടിൽ പോയിരുന്ന രജനി ഒരു മാസം മുമ്പാണ് തിരിച്ചെത്തിയത്. ഇഞ്ചിമല കരിപ്പറമ്പിൽ കുഞ്ഞൂഞ്ഞു കുട്ടി രമണി ദമ്പതികളുടെ മകളാണ് രജനി. ബന്ധുകൾക്ക് വിട്ടു നൽകിയ മൃതദേഹം ഇന്നലെ രാത്രിയോടെ സംസ്‌കരിച്ചു. പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം.

.