ആലപ്പുഴയുടെ ഒഴുക്കിൽ കുതിക്കാൻ കടുത്ത പോര്
ആലപ്പുഴ: ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ എട്ടിലും മുന്നേറ്റമുള്ള ആലപ്പുഴയിൽ ചെങ്കോട്ട നിലനിറുത്താൻ ഭൂരിപക്ഷം സിറ്റിംഗ് എം.എൽ.എമാരെയും കളത്തിലിറക്കാനുള്ള ആലോചനയിൽ എൽ.ഡി.എഫ്. തദ്ദേശ ഫലത്തിൽ അഞ്ച് മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റത്തിൽ ആത്മവിശ്വാസത്തോടെ യു.ഡി.എഫ്. താഴെത്തട്ടുമുതലുള്ള കുതിപ്പ് ജില്ലയിൽ അക്കൗണ്ട് തുറക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ എൻ.ഡി.എ.
2021ലും 2016ലും രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. ഇക്കുറിയും ഹരിപ്പാട്ട് മത്സരിക്കുക ചെന്നിത്തല തന്നെയാവും. ശക്തനായ എതിരാളിയെ കളത്തിലിറക്കാനാണ് സി.പി.ഐ നീക്കം. ജില്ലാ കൗൺസിലംഗം ജി.കൃഷ്ണപ്രസാദിന് മുൻഗണന. ഇടതുമുന്നണിയിൽ സിറ്റിംഗ് സീറ്റുകളിൽ മന്ത്രി സജി ചെറിയാൻ (ചെങ്ങന്നൂർ), പി.പ്രസാദ് (ചേർത്തല), പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്.സലാം (അമ്പലപ്പുഴ), എം.എസ്.അരുൺകുമാർ (മാവേലിക്കര), ദലീമ ജോജോ (അരൂർ) എന്നിവർ വീണ്ടും മത്സരിച്ചേക്കും.
കായംകുളത്ത് രണ്ട് ടേം പിന്നിട്ടെങ്കിലും ജനങ്ങളുമായി മികച്ചബന്ധം പുലർത്തുന്ന യു.പ്രതിഭയെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമോയെന്ന തരത്തിലും ചർച്ചകളുണ്ട്. പ്രതിഭയെ മാറ്റിനിറുത്തിയാൽ സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസറിനാണ് പ്രഥമ പരിഗണന.അതെ സമയം മുൻ മന്ത്രി ജി.സുധാകരനെ അമ്പലപ്പുഴ മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. സുധാകരന് സീറ്റു നൽകിയാൽ സംസ്ഥാന തലത്തിൽത്തന്നെ അതു ഗുണകരമാകുമെന്ന വാദമാണുള്ളത്.സി.പി.എം സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരനുമേൽ മറ്റു പാർടികളുടെ സമ്മർദ്ദമുണ്ട്.
കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. എൻ.സി.പിയിലെ തോമസ്.കെ.തോമസ് വീണ്ടും മത്സരിച്ചേക്കും. കേരള കോൺഗ്രസ് (എം) കുട്ടനാട് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.അരൂരിൽ യു.ഡി.എഫ് ഷാനിമോൾ ഉസ്മാനെ രംഗത്തിറക്കിയേക്കും. ചേർത്തലയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത്, ഷാജി മോഹൻ, കെ.ആർ.രാജേന്ദ്രപ്രസാദ് എന്നിവർക്ക് മുൻഗണന.
ലാറ്റിൻ കാത്തലിക് വോട്ടുകൾ കൂടുതലുള്ള ആലപ്പുഴയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, കെ.എസ്.യു ജില്ലാപ്രസിഡന്റ് എ.ഡി.തോമസ്, അഡ്വ.പി.ജെ.മാത്യു, മുൻ എം.പി കെ.എസ്.മനോജ് എന്നിവരും സാദ്ധ്യതാപട്ടികയിലുണ്ട്. അമ്പലപ്പുഴയിൽ
കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.ലിജു, എ.എ.ഷുക്കൂർ എന്നിവർ പരിഗണനയിൽ. കായംകുളത്തും ലിജുവിന്റെ പേര് പ്രചരിക്കുന്നു.
ചെങ്ങന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ പേര് ഉയരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മന്റേയും കെ.പി.സി.സി ജനറൽസെക്രട്ടറി എബി കുര്യാക്കോസിന്റേയും, ജ്യോതി വിജയകുമാറിന്റെ പേരുകളും പ്രചരിക്കുന്നു. കുട്ടനാട്ടിൽ കേരള കോൺഗ്രസിലെ (ജോസഫ്) റെജി ചെറിയാനാണ് പ്രഥമ പരിഗണന.
ബി.ജെ.പിയിൽ ശോഭാ സുരേന്ദ്രന്റെ പേര് അരൂർ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ പരിഗണനയിലുണ്ട്. കുട്ടനാട് സീറ്റ് ബി.ഡി.ജെ.എസിന് നൽകുകയാണെങ്കിൽ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിച്ചേക്കും. ആലപ്പുഴയിൽ കെ.എസ്.രാധാകൃഷ്ണൻ, അമ്പലപ്പുഴയിൽ സന്ദീപ് വാചസ്പതി എന്നിവരും ബി.ജെ.പി പട്ടികയിലുണ്ട്.
2021ലെ നിയമസഭ തിര. ഫലം
മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം
അരൂർ:ദലീമ ജോജോ, എൽ.ഡി.എഫ്, 7013
ചേർത്തല:പി.പ്രസാദ്, എൽ.ഡി.എഫ്, 6148
ആലപ്പുഴ:പി.പി.ചിത്തരഞ്ജൻ, എൽ.ഡി.എഫ്, 11644
അമ്പലപ്പുഴ:എച്ച്.സലാം, എൽ.ഡി.എഫ്, 11125
കുട്ടനാട്: തോമസ്.കെ.തോമസ്, എൽ.ഡി.എഫ്, 5516
ഹരിപ്പാട്: രമേശ് ചെന്നിത്തല, യു.ഡി.എഫ്, 13666
കായംകുളം: യു.പ്രതിഭ,എൽ.ഡി.എഫ്, 6298
മാവേലിക്കര: എം.എസ്.അരുൺകുമാർ, എൽ.ഡി.എഫ്, 24717
ചെങ്ങന്നൂർ:സജി ചെറിയാൻ,എൽ.ഡി.എഫ്, 32093