ഹൈക്കോടതിയിലെ തിരിച്ചടി; ജനനായകന്റെ റിലീസ് മാറ്റി,​ കോടതിയിൽ നാടകീയ രംഗങ്ങൾ

Thursday 08 January 2026 12:27 AM IST

പരാതിക്കാരൻ സെൻസർ ബോർഡ് അംഗം

ചെന്നൈ: വിജയ് ചിത്രം 'ജനനായകൻ' എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ,നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി നാളെ വിധി പറയും. ചിത്രം റിലീസ് ചെയ്യാനിരുന്നതും ഇതേ ദിവസമായതിനാൽ നിർമ്മാതക്കൾ റിലീസ് തീയതി ഇന്നലെ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം,സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് ഇന്നലെ കോടതിയിലുണ്ടായത് റിവൈസ് കമ്മിറ്റിക്ക് സിനിമ വിട്ടത് ആരുടെ പരാതിയിലെന്ന കോടതിയുടെ ചോദ്യത്തിൽ സെൻസർ ബോർഡിന്റെ നാടകീയ വെളിപ്പെടുത്തലോടെയാണ് വാദം തുടങ്ങിയത്. ഡിസംബർ 22ന് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ശുപാർശ ചെയ്ത 5 അംഗ എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരാളാണ് പരാതിക്കാരനെന്ന് സെൻസർ ബോർഡ് അറിയിച്ചു. സിനിമയിൽ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങളുണ്ടെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ അടങ്ങിയ സമിതി പരിശോധിക്കാതെ ചിത്രത്തിന് അനുമതി നൽകാനാകില്ലെന്നുമാണ് വാദം.

റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ച ശേഷം 20 ദിവസത്തിനുള്ളിൽ സമിതി രൂപീകരിച്ചാൽ മതിയെന്നും ചെയർമാന്റെ അധികാരത്തെ തടയാൻ കോടതിക്ക് കഴിയില്ലെന്നുമാണ് സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ അറിയിച്ചത്.

സെൻസർ ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയതെന്നും ഒരു അംഗത്തിന്റെ അഭിപ്രായത്തെ പരാതിയായി കാണാൻ ആകില്ലെന്നും നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് മറുപടി നൽകി. ഇന്നലെ തന്നെ തീരുമാനം അറിയിക്കണമെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചെങ്കിലും വിധി പറയാൻ മാറ്റുന്നുവെന്ന് ജസ്റ്റിസ് പി.ടി. ആശ അറിയിക്കുകയായിരുന്നു. ഇത്തരം പരാതികൾ ആരോഗ്യകരമല്ലെന്ന് പറഞ്ഞതിനു ശേഷമാണ് ജഡ്ജി കോടതി മുറി വിട്ടതെന്നാണ് റിപ്പോർട്ടുകൾ. റിലീസിംഗ് പ്രതിസന്ധിയിലായതോടെ ടിക്കറ്റ് റിസർവേഷൻ തത്കാലം നിറുത്തിവച്ചിട്ടുണ്ട്.

വാദങ്ങൾ

സെൻസർ ബോർഡ്: ചെയർമാന് സർട്ടിഫിക്കറ്റ് നൽകുന്നത് തടയാൻ അധികാരമുണ്ട്. സെൻസർ ബോർഡ് അംഗങ്ങൾ എതിർത്തതിനാൽ,അത് പുനഃപരിശോധനയ്ക്ക് അയച്ചു. ആദ്യത്തെ അഞ്ച് അംഗങ്ങൾ റിവ്യൂ ബോർഡിലുണ്ടാകില്ല, മറ്റ് അഞ്ച് പേർ മാത്രമേ ഉണ്ടാകൂ. അവർ സിനിമ കാണണം. അതിനാൽ, സമയം നൽകണം.

നിർമ്മാണ കമ്പനി:സെൻസർ ബോർഡ് അംഗങ്ങൾക്ക് പരാതി നൽകാൻ കഴിയില്ല. ശുപാർശകൾ നൽകാനേ കഴിയൂ. സിനിമയ്ക്ക് 500 കോടി മുടക്കിയിട്ടുണ്ട്. കൃത്യസമയത്ത് റിലീസ് ചെയ്തില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും.