ബി.ജെ.പി വനിതാ നേതാവിന്റെ വസ്ത്രം വലിച്ചു കീറിയെന്ന് നിഷേധിച്ച് പൊലീസ്
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി പ്രവർത്തകയെ പൊലീസുകാർ വസ്ത്രം വലിച്ചുകീറി മർദ്ദിച്ചെന്ന് ആരോപണം. കർണാടകയിലെ ഹുബ്ബള്ളിയിൽ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ബസിൽ കയറ്റിയപ്പോഴാണ് സംഭവം. പുരുഷ-വനിത പൊലീസുകാർ സ്ത്രീക്കു ചുറ്റും കൂടിനിൽക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ മർദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നെന്നാണ് വിവരം. അതേസമയം, ബി.ജെ.പി പ്രവർത്തക സ്വയം വസ്ത്രങ്ങൾ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന് ഹുബ്ബള്ളി പൊലീസ് കമ്മിഷണർ ശശി കുമാർ അറിയിച്ചു.
കോൺഗ്രസ് കോർപ്പറേറ്റർ സുവർണ കല്ലകുണ്ട്‌ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്. എന്നാൽ ഈ ആരോപണം ഇവർ നിഷേധിച്ചിട്ടുണ്ട്. നേരത്തെ കൊൺഗ്രസ് പ്രവർത്തകയായ വിജയലക്ഷ്മി അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നതെന്നാണ് വിവരം.