രാജ്യത്തിന്റെ നിയന്ത്രണം വിദേശ ശക്തിക്കല്ല: ട്രംപിനെ തള്ളി വെനസ്വേല

Thursday 08 January 2026 7:03 AM IST

കാരക്കാസ്: വെനസ്വേലയുടെയും എണ്ണ അടക്കം അവിടുത്തെ വിഭവങ്ങളുടെയും താത്കാലിക നിയന്ത്രണം തങ്ങൾക്കാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ്.

'നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്നത് വെനസ്വേലൻ സർക്കാരാണ്. ഒരു വിദേശ ശക്തിയും രാജ്യത്തെ നിയന്ത്രിക്കുന്നില്ല" - ജനങ്ങളെ അഭിസംബോധന ചെയ്യവെ ഡെൽസി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം ആർക്കും മുന്നിൽ അടിയറവ് വച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

അതേ സമയം,​ യു.എസ് ഉപരോധത്തിൽ കുടുങ്ങിക്കിടക്കുന്ന 3 കോടി മുതൽ 5 കോടി വരെ ബാരൽ എണ്ണ വെനസ്വേലയുടെ ഇടക്കാല സർക്കാർ തങ്ങൾക്ക് നൽകുമെന്ന ട്രംപിന്റെ അവകാശവാദത്തോട് ഡെൽസി പ്രതികരിച്ചിട്ടില്ല. യു.എസ് ഈ എണ്ണ ശുദ്ധീകരിച്ച് വിപണി വിലയ്ക്ക് വിൽക്കുമെന്നും ലഭിക്കുന്ന 300 കോടി ഡോളറോളം വരുമാനം താൻ നിയന്ത്രിക്കുമെന്നും ട്രംപ് പറയുന്നു. തുക ഇരുരാജ്യങ്ങളുടെയും പ്രയോജനത്തിനായി വിനിയോഗിക്കുമെന്നാണ് ട്രംപിന്റെ വാദം.

# പ്രതിഷേധം

മയക്കുമരുന്ന് സംഘത്തലവൻ,​ ഭീകരഗ്രൂപ്പ് നേതാവ് എന്നിങ്ങനെ മുദ്രകുത്തി യു.എസ് പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും ഭാര്യ സിലിയ ഫ്ലോറസിന്റെയും മോചനം ആവശ്യപ്പെട്ട് തലസ്ഥാനമായ കാരക്കാസിൽ പ്രതിഷേധ റാലികൾ അരങ്ങേറി. വെനസ്വേലയുടെ എണ്ണ സ്വന്തമാക്കാനുള്ള യു.എസ് നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന പ്രതികരിച്ചു.