മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

Thursday 08 January 2026 7:30 AM IST

പൂനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗിൽ കമ്മിറ്റി) അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യയിലെ പരിസ്ഥിതി ചർച്ചകളിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്.

1942ൽ പൂനെയിലാണ് മാധവ് ഗാഡ്ഗിൽ ജനിച്ചത്. മുംബയിൽ ജീവശാസ്ത്ര പഠനത്തിനു ശേഷം ഗണിത, പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. സ്റ്റാൻഫോഡിലും കാലിഫോർണിയ സർവകലാശാലയിലും വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. 215 ഗവേഷണപ്രബന്ധങ്ങളും ആറു പുസ്തകങ്ങളും എഴുതി. 2002ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ട് പ്രകാരമുള്ള സമിതിയിൽ അംഗം. അന്താരാഷ്ട്ര തലത്തിൽ ഖ്യാതി നേടിയ ഈ പരിസ്ഥിതി ശാസ്ത്രജ്ഞനെ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നൽകി ആദരിച്ചു.

കേരളത്തിൽ നടന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കേരളത്തെ വലിയ ദുരന്തങ്ങൾ കാത്തിരിക്കുന്നു എന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് വയനാട് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സംഭവങ്ങളിൽ രാജ്യം ഗൗരവത്തോടെ ഓർമ്മിക്കപ്പെട്ടു. പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കാഴ്ചപ്പാട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിന്റെ സ്ഥാപകനും കൂടിയായിരുന്നു അദ്ദേഹം.