പ്രകടനം വിലയിരുത്താനെന്ന വ്യാജേന വിളിച്ചുവരുത്തി; 17കാരിയായ ഷൂട്ടറെ ഹോട്ടലിൽ പീഡിപ്പിച്ച ദേശീയ പരിശീലകനെതിരെ കേസ്
ഫരീദാബാദ്: ഹോട്ടലിൽ വച്ച് 17കാരിയായ ഷൂട്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദേശീയ പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ സാക്ഷികളിൽ നിന്ന് മൊഴി രേഖപ്പെടുത്താനും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയതല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പ്രകടനം വിലയിരുത്താനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം പുറംലോകമറിഞ്ഞാൽ അവളുടെ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ഉടൻതന്നെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു.
പോക്‌സോ വകുപ്പ് പ്രകാരമാണ് അങ്കുഷ് ഭരദ്വാജിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 'പരാതിയിൽ പറയുന്നത് സ്ഥിരീകരിക്കാനായി ആ ദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഉടൻ കൈമാറണമെന്ന് ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് ' - ഫരീദാബാദ് പൊലീസിലെ പബ്ലിക് റിലേഷൻസ് ഓഫീസർ യശ്‌പാൽ യാദവ് പറഞ്ഞു.
നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) നിയമിച്ച 13 പിസ്റ്റൽ പരിശീലകരിൽ ഒരാളാണ് പ്രതി. ആരോപണങ്ങൾക്ക് പിന്നാലെ തന്നെ ഇയാളെ സസ്‌പെൻഡ് ചെയ്‌തു. 'മാദ്ധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. അന്വേഷണം പൂർത്തിയാകുന്നതുവരെ അങ്കുഷിനെ എല്ലാ ചുമതലകളിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേക്കുള്ള നിയമനവും തടയും' - എൻആർഐ സെക്രട്ടറി ജനറൽ പവൻ കുമാർ സിംഗ് പറഞ്ഞു. ഇതേ പരിശീലകനിൽ നിന്ന് മറ്റൊരു പെൺകുട്ടിക്കും ദുരനുഭവം നേരിടേണ്ടി വന്നുവെന്ന വിവരം ഇപ്പോൾ പുറത്തുവരുന്നുണ്ട്.