'തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊട്ടിച്ച പടക്കം തെറിച്ചുവീണ് ഫ്ലാറ്റിന് തീപിടിച്ചു'- രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ പൊട്ടിത്തെറിച്ച് നടി

Thursday 08 January 2026 11:22 AM IST

മുംബയ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം ചെന്നുവീണ് ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിനു പിന്നാലെ രാഷ്‌ട്രീയ പാർട്ടികളുടെ ബോധമില്ലാത്ത പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്‌സി ഷാ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ രാഷ്‌ട്രീയ പാർട്ടികൾ പൊതുസുരക്ഷ കണക്കിലെടുക്കാതെ പെരുമാറുന്നതിലെ രോഷവും ആശങ്കയും നടി പങ്കുവച്ചു.

കഴിഞ്ഞ ദിവസം ബാന്ദ്ര ഈസ്‌റ്റിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊട്ടിച്ച പടക്കം ചെന്നു വീണ് ഫ്ലാറ്റ‌ിന് തീപിടിരുന്നു. നടിയുടെ താമസസമുച്ചയത്തിന്റെ നാലാം നിലയിലായിരുന്നു അപകടം. ഡെയ്‌സി ഷാ തന്റെ വളർത്തുനായ്‌ക്കളുമായി രാത്രി നടക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. റാലിക്കിടെ പടക്കം പൊട്ടിച്ചവർ തീയണയ്‌ക്കാൻ നിൽക്കാതെ ഓടി രക്ഷപ്പെട്ടെന്നും താമസക്കാരാണ് മുഴുവൻ ബുദ്ധിമുട്ടുകളും അനുഭവിച്ചതെന്നും നടി കുറ്റ‌പ്പെടുത്തി.

'എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷേ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾക്കായി പ്രചരണങ്ങൾ നടത്താൻ ആളുകളെ നിയമിക്കുമ്പോൾ അവർക്ക് കുറച്ച് സാമാന്യബുദ്ധി ഉണ്ടെന്ന് ഉറപ്പാക്കുക' ഡെയ്‌സി ഷാ സോഷ്യൽമീഡിയയിൽ കുറിച്ചു.

അപകടത്തിന് കാരണമായവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഡെയ്‌സി ഷാ ആവശ്യപ്പെട്ടു. കെട്ടിടങ്ങൾക്കു സമീപം അശ്രദ്ധമായി പടക്കം പൊട്ടിക്കുന്നത് പൗരബോധം ഇല്ലാത്തതിനാലാണെന്നും നടി കുറ്റപ്പെടുത്തി. രാഷ്‌ട്രീയപാർട്ടികൾക്ക് വീടുവീടാന്തരം കയറിയിറങ്ങാനുള്ള അനുമതി നൽകാത്തതിൽ തന്റെ റസിഡൻഷ്യൽ കമ്മിറ്റ‌ിയോട് താരം നന്ദി പറഞ്ഞു.

'ഇതൊരു പ്രകൃതി ദുരന്തമല്ല, തലച്ചോറില്ലാത്ത ആളുകൾ മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമയമായിരിക്കുന്നു'.- നടി കൂട്ടിച്ചേർത്തു.

2014ൽ പുറത്തിറങ്ങിയ 'ജയ് ഹോ' എന്ന ചിത്രത്തിലെ നായികയാണ് ഡെയ്‌സി. 2023ൽ 'മിസ്‌റ്റ‌റി ഓഫ് ടാറ്റു' എന്ന സിനിമയുമിറങ്ങി.