ഏഴാം ക്ലാസ് പാസായോ? ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ കാലിക്കറ്റ് സർവകലാശാലയിൽ ജോലി നേടാം

Thursday 08 January 2026 11:36 AM IST

കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്‌തികയിൽ തൊഴിലവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനിലൂടെ അപക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജനുവരി 13 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,070 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകർക്ക് 2026 ജനുവരി ഒന്നിന് 36 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി/ പട്ടിക വർഗം, ഒബിസി, മറ്റ് പിന്നാക്ക വിഭാഗക്കാർക്കും സർക്കാർ നിയമനപ്രകാരമുള്ള ഇളവുകൾ പ്രായപരിധിയിൽ ലഭ്യമാണ്. ഏഴാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ ഫീസ് അടയ്‌ക്കേണ്ടതില്ല. ഡോക്യുമെന്റ് പരിശോധനയും വ്യക്തിഗത അഭിമുഖവുമാണ് തിരഞ്ഞെടുപ്പ് രീതി. താൽപ്പര്യമുള്ളവർ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uoc.ac.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.