ഇന്ത്യയുമായുള്ള യുദ്ധത്തിനുശേഷം തങ്ങളുടെ വിമാനങ്ങൾ ചൂടപ്പംപോലെ വിറ്റുപോകുന്നുവെന്ന് പാകിസ്ഥാൻ; വാദം പൊളിയുന്നു

Thursday 08 January 2026 12:12 PM IST

ഇസ്‌ലാമാബാദ്: ആറുമാസത്തിനപ്പുറം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) സഹായം വേണ്ടിവരില്ലെന്ന് പാകിസ്ഥാൻ. ആഭ്യന്തര മേഖലയിൽ പാകിസ്ഥാന് ലഭിക്കുന്ന ഓർഡറുകളുടെ വർദ്ധനവാണ് ഇതിന് കാരണമെന്നും ആഭ്യന്തര മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കി. ഐഎംഎഫിന്റെ നിബന്ധനകൾ കാരണം പാകിസ്ഥാന് തങ്ങളുടെ തദ്ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) പോലും വിൽക്കേണ്ടി വന്നിരുന്നു.

മേയിൽ ഇന്ത്യയുമായി നടന്ന നാലുദിവസത്തെ യുദ്ധത്തിനുശേഷമാണ് ഡിഫൻസ് ഓർഡറുകളിൽ വലിയ വർദ്ധനവുണ്ടായതെന്ന് ഖ്വാജ ആസിഫ് ചൂണ്ടിക്കാട്ടി. 'ഈ നേട്ടത്തിന്റെ ഫലമായി ഐഎംഎഫിൽ നിന്നുള്ള വായ്‌‌പകൾ പാകിസ്ഥാൻ താമസിയാതെ ഉപേക്ഷിക്കും. ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്ഥാന്റെ ചെറുത്തുനിൽപ്പ് സൈനിക ഉപകരണങ്ങളുടെ ആഗോള ഡിമാൻഡ് വർദ്ധിപ്പിച്ചു. നമ്മുടെ വിമാനങ്ങൾ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞു. ഓർഡറുകൾ കൂടുന്നു. അതിനാൽതന്നെ ആറുമാസത്തിനുള്ളിൽ പാകിസ്ഥാന് ഐഎംഎഫിനെ ആവശ്യമില്ലാതെയാകും'- എന്നായിരുന്നു പാക് ആഭ്യന്തര മന്ത്രിയുടെ വാദം.

പാക് യുദ്ധവിമാനങ്ങളായ ജെഎഫ് - 17, ജെ 10 എന്നിവയുടെ ഉപഭോക്താക്കൾ അസർബൈജാൻ, ലിബിയ പോലുള്ള ചുരുക്കം ചില രാജ്യങ്ങളാണ്. ബംഗ്ളാദേശുമായും വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതേസമയം, ജെഎഫ്-17 യുദ്ധവിമാനത്തിന്റെ ഏകദേശം 58 ശതമാനം മാത്രമാണ് യഥാർത്ഥത്തിൽ പാകിസ്ഥാനിൽ നിർമ്മിക്കുന്നത്. വിമാനത്തിന്റെ പ്രധാന ഡിസൈനറും നിർമ്മാതാവുമായ ചൈനയുമായി കയറ്റുമതിയിൽ നിന്നടക്കമുള്ള വരുമാനം പങ്കിടുകയും ചെയ്യുന്നു.

അതിനാൽതന്നെ യുദ്ധവിമാനങ്ങളു‌ടെ വിൽപനയിൽ നിന്ന് പാകിസ്ഥാന് ലഭിക്കാൻ സാദ്ധ്യതയുള്ള വരുമാനം വളരെ കുറഞ്ഞ തുക മാത്രമായിരിക്കുമെന്നാണ് വിലയിരുത്തൽ. 2026 ജനുവരി ആദ്യം വരെ ഏകദേശം 300 ബില്യൺ ഡോളറിന്റെ കടവും ബാദ്ധ്യതകളുമുള്ള പാകിസ്ഥാന് ആറുമാസത്തിനുള്ളിൽ ഐഎംഎഫിന്റെ സേവനം ആവശ്യമല്ലാതെയാകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി കണക്കാക്കാം.