കൈക്കൂലി ആരോപണം; ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ നീക്കി, നടപടിയുമായി കേന്ദ്രം

Thursday 08 January 2026 12:15 PM IST

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ നീക്കി. സർവീസിൽ നിന്ന് പിരിഞ്ഞുപോകാൻ ധനകാര്യമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന ഉത്തരവിൽ കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രപതി ഒപ്പിട്ടു. നയതന്ത്ര സ്വർണക്കടത്ത് കേസടക്കം അന്വേഷിച്ച മലയാളിയായ ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. കൈക്കൂലി ആരോപണം ഉയർന്നതോടെ അദ്ദേഹത്തിനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർബന്ധിത വിരമിക്കലിന് നിർദ്ദേശിച്ചത്.

നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു രാധാകൃഷ്ണൻ. ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍ബന്ധിതമായ പിരിച്ചുവിടൽ നടത്തിയിരിക്കുന്നത്. ഇഡിയുടെ വളരെ പ്രമാദമായ കേസുകളിൽ അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.