'ഹൃദയം തകരുന്നു അണ്ണാ, ആ തീയതി എന്നാണോ അന്നാണ് ഞങ്ങൾക്ക് പൊങ്കൽ'; വിജയ്ക്ക് പിന്തുണയുമായി രവിമോഹൻ

Thursday 08 January 2026 3:22 PM IST

രാഷ്ട്രീയ ജീവിതത്തിൽ സജീവമായ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരിച്ച് തമിഴ് നടൻ രവി മോഹൻ. ജനനായകനും വിജയ്‌ക്കും പിന്തുണ നൽകുന്നുവെന്നാണ് നടന്റെ പ്രതികരണം. എക്സിലൂടെയാണ് രവി മോഹൻ പിന്തുണ അറിയിച്ചിരിക്കുന്നത്. സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടാത്തതിൽ താൻ ഏറെ വേദനിക്കുന്നുവെന്ന് നടൻ പറഞ്ഞു. ബോക്സ് ഓഫീസിൽ ജനനായകന്റെ എതിരാളിയാകേണ്ടിയിരുന്ന പരാശക്തിയിലെ മുഖ്യതാരങ്ങളിലൊരാളാണ് രവി മോഹൻ.

'ഹൃദയം തകരുന്നു വിജയ് അണ്ണാ.. ഒരു സഹോദരനെന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്'- രവി മോഹൻ കുറിച്ചു. ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തമിഴ് നടൻമാരിൽ നിന്ന് ആദ്യമായി പ്രതികരിച്ചത് രവി മോഹനാണ്.നേരത്തേ സംവിധായകൻ അജയ് ജ്ഞാനമുത്തുവും വിജയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.

അതേസമയം, ജനനായകന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് വൈകുന്നതിനെതിരെ, നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി നാളെ വിധി പറയും. ചിത്രം റിലീസ് ചെയ്യാനിരുന്നതും ഇതേ ദിവസമായതിനാൽ നിർമ്മാതക്കൾ റിലീസ് തീയതി ഇന്നലെ മാറ്റിയിരുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും. സെൻസർ ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയതെന്നും ഒരു അംഗത്തിന്റെ അഭിപ്രായത്തെ പരാതിയായി കാണാൻ ആകില്ലെന്നും നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് മറുപടി നൽകി. ഇന്നലെ തന്നെ തീരുമാനം അറിയിക്കണമെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചെങ്കിലും വിധി പറയാൻ മാറ്റുന്നുവെന്ന് ജസ്റ്റിസ് പി.ടി. ആശ അറിയിക്കുകയായിരുന്നു.