നടിയുടെ  ഇടുപ്പിൽ തടവി കരൺ ജോഹർ; കടുത്ത അശ്ലീലമെന്ന വിമർശനവുമായി ആരാധകർ

Thursday 08 January 2026 4:45 PM IST

ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടിയെ കടന്നു പിടിച്ചതിനാണ് സംവിധായകനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നത്. നടി അനന്യ പാണ്ഡെയോടാണ് മോശമായി പെരുമാറിയത്. വേദിയിൽ താരങ്ങൾക്കൊപ്പം നിൽക്കുകയായിരുന്ന അനന്യയുടെ ഇടുപ്പിൽ അനുവാദമില്ലാതെ കരൺ ജോഹർ കൈവയ്ക്കുകയും തടവുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്.

പ്രമോഷൻ വേദിയിൽ ക്യാമറകൾക്ക് മുന്നിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അനന്യയുടെ ശരീരത്തിൽ കരൺ അനാവശ്യമായി സ്പർശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിൽ നടി അസ്വസ്ഥയാകുന്നുണ്ടെന്നും, ചിരിച്ചുകൊണ്ട് കരണിന്റെ കൈ മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചു. എന്നാൽ കൈ മാറ്റാൻ ശ്രമിച്ചിട്ടും കരൺ സ്പർശനം തുടർന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ക്യാമറകൾക്ക് മുന്നിൽ ഇങ്ങനെയാണെങ്കിൽ സ്വകാര്യ ഇടങ്ങളിൽ എന്തായിരിക്കും അവസ്ഥ. കൈ മാറ്റാൻ ശ്രമിച്ചിട്ടും അത് തുടരുന്നത് തികഞ്ഞ ധിക്കാരമാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയർന്നു. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കുന്നത് 'അശ്ലീലം' ആണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. അനന്യയെ സിനിമയിൽ കൊണ്ടുവന്നത് കരണാണെങ്കിലും, ആ സ്വാധീനം ഉപയോഗിച്ച് ശരീരത്തിൽ സ്പർശിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നാണ് ആരാധകർ പറയുന്നത്.

സംഭവം വലിയ ചർച്ചയായിട്ടും കരൺ ജോഹറോ അനന്യ പാണ്ഡെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമയിലെ ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നത് ഗൗരവകരമായ വിഷയമാണെന്നും പവർ ഡൈനാമിക്സ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സിനിമാ പ്രേമികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.