പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ എകെ ബാലന് വിമര്‍ശനം; നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഭിപ്രായം

Thursday 08 January 2026 8:42 PM IST

പാലക്കാട്: ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ ബാലനെതിരെ വിമര്‍ശനം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണ് ബാലനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് വിമര്‍ശനം. മുമ്പും തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പല പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുന്നുണ്ട്. അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ജാഗ്രത പാലിച്ചുവേണം നേതാക്കളുടെ പ്രതികരണം. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം എ.കെ ബാലന്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തെ തള്ളാതെയുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.

വര്‍ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗയ ശക്തികള്‍ ഇന്നും കേരളത്തിലുണ്ട്. അവര്‍ ഇന്ന് തലപൊക്കുന്നില്ല. അത് നേരിടാന്‍ ഇന്നത്തെ സര്‍ക്കാരിന് കഴിയും. അതാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം. ഏത് വര്‍ഗീയതയും നാടിന് ആപത്താണ്. അതാണ് ബാലന്‍ പറയാന്‍ ശ്രമിച്ചത്.

കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രീണനമാകുന്നത്. അത് ന്യൂനപക്ഷ വര്‍ഗീയതയുടെ ഭാഗമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ആര്‍.എസ്.എസിനെ എതിര്‍ക്കുന്നു. ഹിന്ദുക്കളെയാണോ എതിര്‍ക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പിയെയും എതിര്‍ക്കുന്നു. അതിനര്‍ത്ഥം മുസ്ലിമിനെ എതിര്‍ക്കുന്നു എന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മാറാട് കലാപകാലത്ത് ആര്‍.എസ്.എസിനെ ഭയന്നാണ് എ,കെ,ആന്റണി അന്ന് കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാതിരുന്നത്. അന്ന് താന്‍ മാറാട് സന്ദര്‍ശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്ന എ.കെ, ബാലന്റെ പമാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചിരുന്നു.