കണ്ണൂർ ജില്ലയിൽ കായികാദ്ധ്യാപകരില്ലാത്ത 398 സ്കൂളുകൾ സംസ്ഥാനത്ത് ഏറ്റവും കുറവ്

Thursday 08 January 2026 10:12 PM IST

കണ്ണൂർ: ജില്ലയിൽ സ്ഥിരം കായികാദ്ധ്യാപകരില്ലാതെ 398 സ്‌കൂളുകൾ.ഈ കണക്കിൽ സംസ്ഥാനത്തെ ഏറ്റവും പിന്നിലാണ് കണ്ണൂരിന്റെ സ്ഥാനം. വിദ്യാർ‌ത്ഥികളുടെ കായികക്ഷമതയെ ബാധിക്കുന്ന ഈ വിഷയത്തെ മറികടക്കാൻ താൽക്കാലികക്കാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും അത് പേരിന് മാത്രമാകുന്നുവെന്ന് ആക്ഷേപമുണ്ട്. കെ.ഇ.ആർ ചട്ടം നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് സ്ഥിരം കായിക അദ്ധ്യാപകരെ നിയമിക്കേണ്ടത്.

സംസ്ഥാനത്ത് ആകെ 2200 സ്‌കൂളുകളിലാണ് നിലവിൽ സ്ഥിരം കായികാദ്ധ്യാപകരില്ലാത്തത്. നിലവിൽ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ യു.പി വിഭാഗത്തിൽ 86 സ്ഥിരം കായിക അദ്ധ്യാപകരാണുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 572 അദ്ധ്യാപകരുമുണ്ട്. എയഡഡ് മേഖലയിൽ യു.പി വിഭാഗത്തിൽ 195 അദ്ധ്യാപകരും ഹൈസ്‌കൂൾ വിഭാഗത്തിൽ 936 കായിക അദ്ധ്യാപകരും നിലവിലുണ്ട്. എന്നാൽ സ്ഥിരം കായിക അദ്ധ്യാപകരുടെ അഭാവമുള്ള സ്‌കൂളുകളുടെ എണ്ണം ഇതിലും കൂടുതലാണ്.

കളിക്കളങ്ങളിലും പിന്നിൽ

കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ കളിസ്ഥലം എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കണമെന്ന് കെ.ഇ.ആർ ചട്ടം നിഷ്‌കർഷിച്ചിട്ടുണ്ട്. ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ മാത്രം കളിസ്ഥലമില്ലാത്ത 37പൊതുവിദ്യാലയങ്ങളാണുള്ളത്.കളിസ്ഥലങ്ങളുണ്ടെങ്കിലും എന്നാൽ കായിക അദ്ധ്യാപകർ ഇല്ലാത്തതുമായ 26 സ്കൂളുകളുമുണ്ട്.

കാര്യക്ഷമമാകാതെ കായിക പിരിയഡുകൾ

കായിക പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവുള്ളതിനാൽ മിക്ക സ്കൂളുകളിലും വിദ്യാ‌ർത്ഥികളെ ക്ലാസിന് പുറത്തേക്കിറക്കുന്നുവെന്നല്ലാതെ കാര്യക്ഷമമായ ഒന്നും ചെയ്യുന്നില്ല.വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ കുട്ടികളിലെ കായികക്ഷമതയുമായി ബന്ധപ്പെട്ട ഒരു പഠനത്തിലെ റിപ്പോർട്ട് പ്രകാരം അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ഭൂരിഭാഗം കുട്ടികളുടെയും കായികക്ഷമത കുറഞ്ഞതായി കണ്ടെത്തിയിരുന്നുവെന്നതാണ് ഇതിന്റെ ഗൗരവം വ‌ർദ്ധിപ്പിക്കുന്നത്.

ജില്ലയിൽ വേണ്ടത്ര കായിക പരിശീലകരില്ല. അതിന് പരിഹാരം കണ്ടെത്തും. കണ്ണൂരിലെ കളിക്കളങ്ങൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്നാൽ സ്ഥലം ഏറ്റെടുത്ത് ക്‌ളബ്ബുകൾക്കായി കളിക്കളങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതിൽ ജില്ലാ പഞ്ചായത്തിന് സാങ്കേതിക തടസമുണ്ട്.എന്നാൽ മറ്റു രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമോയെന്ന കാര്യം പരിശോധിച്ചു വരികയാണ് .

അഡ്വ ബിനോയ് കുര്യൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്