കാഞ്ചിയാറിൽ കാട്ടുപന്നി ആക്രമണം: 150 ഏത്തവാഴ തൈകൾ നശിപ്പിച്ചു
Friday 09 January 2026 12:18 AM IST
കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കട, പാലാക്കട മേഖലയിലെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ച് കാട്ടുപന്നി ആക്രമണം. വിലയില്ലായ്മയും രോഗബാധകളും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കാട്ടുപന്നികളും വില്ലനാകുന്നത്. കഴിഞ്ഞദിവസം പാലാക്കട കാരക്കുന്നേൽ ടോമിച്ചന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നികൾ 150ലേറെ ഏത്തക്ക വാഴതൈകൾ നശിപ്പിച്ചു. കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്താണ് ടോമിച്ചൻ കൃഷിയുമായി മുമ്പോട്ട് പോകുന്നത്. ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. വാഴയോടൊപ്പം പാവലും കൃഷി ചെയ്തിട്ടുണ്ട്. കാട്ടുപന്നികൾ എത്തി വാഴ നശിപ്പിച്ചതിനൊപ്പം പാവലിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഏത്തവാഴ തൈകൾ പൂർണമായും നശിപ്പിച്ചാണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്ന് മടങ്ങിയത്.