ആധാറിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി,​ രൂപകല്പന ചെയ്തത് തൃശൂർ സ്വദേശി

Thursday 08 January 2026 10:47 PM IST

തിരുവനന്തപുരം : ആധാറിന്റെ ഔദ്യോഗിക ചിഹ്നം യു.ഐ.ഡി.എ.ഐ പുറത്തിറക്കി. തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ചിഹ്നം രൂപകല്പന ചെയ്തത്. ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ലളിതമാക്കാൻ 'ഉദയ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിഹ്നം സഹായിക്കും.

തിരുവനന്തപുരത്ത് യു.ഐ.ഡി.എ.ഐ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതൽ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യു.ഐ.ഡി.എ.ഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.

ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആപേക്ഷികവും ജനസൗഹൃദപരവുമാക്കുന്നതിന് ഉദയ് എന്ന പേര് നൽകിയിരിക്കുന്ന ആധാറിന്റെ ഔദ്യോഗിക ചിഹ്നം സഹായകമാകും. ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തിരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.