മണിപ്പൂർ കൂട്ടമാനഭംഗം: ആറ് പ്രതികൾക്കെതിരെ കുറ്റം ചുമത്തി
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിനിടെ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും രണ്ടുപേരെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്‌ത കേസിൽ ആറ് പ്രതികൾക്കെതിരെ കുറ്റം ചുമത്തി. ഗുവാഹത്തിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കുറ്റം ചുമത്തിയത്. കൂട്ടമാനഭംഗം, കൊലപാതകം, കലാപം എന്നിവയുൾപ്പെടെ 15 കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 16 ന് നടക്കുന്ന വാദം കേൾക്കലിന് എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക ജഡ്ജി ഛത്ര ഭുകാൻ ഗൊഗോയ് പറഞ്ഞു.
സാക്ഷികളുടെ മൊഴികളും രേഖകളും ഉൾപ്പെടെ പരിഗണിച്ച കോടതി പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമം, 1989 ലെ പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസ്.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികൾ വീഡിയോ കോൺഫറൻസ് വഴി ഹാജരായി. കുറ്റങ്ങളുടെ വിശദാംശങ്ങൾ വായിച്ചു കേൾപ്പിച്ചപ്പോൾ, കുറ്റം നിഷേധിച്ചു. വിചാരണയ്ക്ക് വിധേയരാകാമെന്ന് പറഞ്ഞു. മാനഭംഗത്തിന് പുറമെ കലാപം നടത്തുക, മാരകായുധം കൈവശം വയ്ക്കുക, മെയ്തി, കുക്കി എന്നീ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, താമസസ്ഥലങ്ങൾ നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
2023 മേയ് 4 ന് നടന്ന ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ടതാണ് കേസ്. മൂന്ന് ഇരകളെ നഗ്നരാക്കി പരേഡ് ചെയ്യുകയും രണ്ട് പേരെ കൂട്ടമാനഭംഗം ചെയ്യുകയുമായിരുന്നു. ഇരകളിൽ ഒരാളുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയിലൂടെയാണ് സംഭവം പുറത്തുവന്നത്.