ചിറക്കരയിലെ കടുവ സാന്നിദ്ധ്യം;  തെരച്ചിൽ ഊർജ്ജിതമാക്കി 

Friday 09 January 2026 1:42 AM IST

ചിറക്കരയിൽ കണ്ട കടുവയ്ക്കായി റാപ്പിഡ് റെസ്‌പോൺസ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിൽ

മാനന്തവാടി: നാട്ടുകാരെ ഭീതിയിലാക്കി ചിറക്കരയിലെ കടുവ സാന്നിദ്ധ്യം. വനംവകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ തെരച്ചിലാരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ റാപ്പിഡ് റെസ്‌പോൺസ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 21 അംഗസംഘം തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്തുനിന്ന് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് നാല് ക്യാമറകൾ സ്ഥാപിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിനുമുമ്പും ചിറക്കരയുടെ വിവിധ ഭാഗങ്ങളിൽ കടുവയെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ചിറക്കരയിൽ നാട്ടുകാർക്ക് മൈക്ക് അനൗൺസ്‌മെന്റിലൂടെ മുന്നറിയിപ്പ് നൽകി. തോട്ടം തൊഴിലാളികളുൾപ്പെടെയുള്ളവർ താമസിക്കുന്ന മേഖലയാണിത്. ജനവാസമേഖലയിൽ നിന്നും ഏകദേശം 200 മീറ്റർ അകലെയാണ് ബുധനാഴ്ച കടുവയെ കണ്ടത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രദേശവാസിയായ ഷഹലാസാണ് ബുധനാഴ്ച രാത്രി 9:30 ഓടെ എണ്ണപ്പന തോട്ടത്തിൽ കടുവയെ കണ്ടത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് കടുവ സാന്നിദ്ധ്യം പുറംലോകമറിയുന്നത്. വനം വകുപ്പധികൃതർ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തോട്ടം തൊഴിലാളികളുൾപ്പെടെയുള്ളവർ താമസിക്കുന്ന മേലെയാണിത്. കടുവം സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വനം വകുപ്പിന്റെ ഭാഗത്തുനിന്നും കൃത്യമായി ഇടപെടലുകൾ ഉണ്ടാകുമെന്ന് തലപ്പുഴ ഡെപ്യൂട്ടി റേഞ്ചർ സുബൈർ പറഞ്ഞു.