എകെ ബാലനെ തള്ളി എംവി ഗോവിന്ദന്‍, പറഞ്ഞത് അസംബന്ധമെന്ന് പാര്‍ട്ടി സെക്രട്ടറി; സിപിഎമ്മില്‍ ഭിന്നത

Thursday 08 January 2026 11:46 PM IST

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിക്കെതിരായ എകെ ബാലന്റെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയന്‍ ബാലനെ പിന്തുണച്ച് രംഗത്ത് വന്നപ്പോള്‍ ബാലനെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റേത്. ബാലന്‍ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. എ കെ ബാലന് എതിരെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

വര്‍ഗ്ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നുമാണ് വ്യാഴാഴ്ച മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ബാലനെതിരെ വിമര്‍ശനം ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താതിരിക്കാനുള്ള ജാഗ്രത നേതാക്കള്‍ കാണിക്കണമെന്നായിരുന്നു എ വിജയരാഘവന്‍ ഉള്‍പ്പെടെ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിലെ വിമര്‍ശനം.

മുമ്പും തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പല പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി അനുകൂലിക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറിയും പാലക്കാട് ജില്ലാ കമ്മിറ്റിയും ബാലനെ തള്ളി രംഗത്ത് വന്നതോടെ വിഷയത്തില്‍ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്.