പിടിവിട്ട് പറന്നുയർന്ന് ഇറച്ചിക്കോഴി വില

Friday 09 January 2026 12:07 AM IST

ആലപ്പുഴ: പക്ഷിപ്പനി സമയത്തുപോലും കുറയാതിരുന്ന ഇറച്ചിക്കോഴി വില ആഘോഷദിവസങ്ങൾ കഴിഞ്ഞിട്ടും പിടിതരാതെ കുതിക്കുന്നു. ആവശ്യത്തിനനുസരിച്ച് ഉത്പാദനമില്ലാത്തതാണ് വില വർദ്ധിക്കാൻ കാരണം.കിലോയ്ക്ക് 175 രൂപയാണ് ലൈവ് കോഴിയുടെ വില. ഇറച്ചിക്ക് 250- 300 (പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റം വരും) രൂപ വരെ വിലയുണ്ട്.

ദേശീയാടിസ്ഥാനത്തിൽ കേരളത്തിലാണ് കോഴിവില ഏറ്റവും കുറവ്. കേരളത്തിലേക്ക് കോഴി എത്തിക്കുന്നത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിൽ കേരളത്തിലേതിനേക്കാൾ കോഴിക്ക് വില ലഭിക്കുമെന്നതിനാൽ കച്ചവടക്കാർ കേരളത്തിലേക്ക് കോഴി കയറ്റി അയയ്ക്കാൻ വിമുഖത കാട്ടുന്നുണ്ട്.

ശബരിമല സീസണിൽ വിൽപന കുറയാൻ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ കേരളത്തിലെ കർഷകർ ഉത്പാദനം ഗണ്യമായി കുറച്ചിരുന്നു. എന്നാൽ ഇത്തവണ സീസണിൽ ആവശ്യം അപ്രതീക്ഷിതമായി വർദ്ധിച്ചത് വിപണിയിൽ കോഴിയുടെ ലഭ്യത കുറയാൻ ഇടയാക്കി.

ക്രിസ്മസ് പുതുവത്സര ആഘോഷ സമയത്ത് ആലപ്പുഴയിൽ വിറ്റത് 1.4 ലക്ഷം കിലോ ചിക്കനാണ്. മുൻ വർഷങ്ങളിൽ 80000-1ലക്ഷം വരെ കിലോയാണ് വിറ്റിരുന്നത്

ഉത്പാദനം കുറഞ്ഞു, ആവശ്യക്കാർ കൂടി

 ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനത്തിൽ കുറവ് രേഖപ്പെടുത്തിയത് വിലക്കയറ്റത്തിന്റെ ആക്കം കൂട്ടി

 പക്ഷിപ്പനിക്ക് പിന്നാലെ ചില പഞ്ചായത്തുകളിൽ കോഴിയിറച്ചി വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും കച്ചവടത്തിന് കുറവുണ്ടായില്ല

 ക്രിസ്മസ് -പുതുവത്സര സീസണിൽ ഇറച്ചിക്ക് വില കൂടുതലായിരുന്നെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചില്ലെന്ന് കച്ചവടക്കാർ

ക്രിസ്മസ്- ന്യൂ ഇയർ സീസണിൽ ജില്ലയിൽ വിറ്റ ചിക്കൻ

1.4 ലക്ഷം കി.ഗ്രാം

കോഴിക്കുഞ്ഞിനും തീവില

ഒരാഴ്ച മുമ്പ് ഒന്നിന് 30 രൂപയായിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 56 രൂപയാണ് വില. കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. ഇവയെ വളർത്താനുള്ള തീറ്റക്കും തീപിടിച്ച വിലയാണ്. ആദ്യകാലങ്ങളിൽ നൽകുന്ന സ്റ്രാർട്ടറിന് ഒരു ചാക്കിന് 2150 രൂപയാണ് വില. വളർച്ച എത്തിയ സമയങ്ങളിൽ നൽകുന്ന ഫിനിഷറിന് ചാക്കൊന്നിന് 2100 രൂപയും നൽകണം .

കോഴിക്ക് ഇനിയും വില കൂടാനാണ് സാദ്ധ്യത. എങ്കിലും കോഴിക്കു‌ഞ്ഞിനും തീറ്രക്കും വില കൂട്ടി കർഷകരെ ചൂഷണം ചെയ്യുകയാണ്

എസ്.കെ. നസീർ

സംസ്ഥാന ജനറൽ സെക്രട്ടറി,​

ഓൾ കേരള പൗൾട്രി ഫെഡറേഷൻ