മാക്കേക്കടവ് – നേരേ കടവ് പാലം ; അടുത്ത മാസം തുറക്കും

Friday 09 January 2026 12:12 AM IST

തുറവൂർ: ഉദയനാപുരം,​ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. 22 സ്പാനുകളുള്ള പാലത്തിലെ അവസാന ഗർഡർ നേരേകടവ് ഭാഗത്ത് ഇന്നലെ വിജയകരമായി സ്ഥാപിച്ചു. ഇതോടെ പ്രധാന ജോലികളെല്ലാം അവസാനിച്ചു.

മധ്യഭാഗത്ത് 47.16 മീറ്റർ നീളമുള്ള രണ്ട് നാവിഗേഷൻ സ്പാനുകളും മറ്റ് ഭാഗങ്ങളിൽ വിവിധ നീളങ്ങളിലുള്ള 20 സ്പാനുകളും ഉൾപ്പെടെയാണ് പാലത്തിന്റെ രൂപകൽപ്പന. ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ കൈവരികൾ നിർമ്മിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാർഡിൽ പുരോഗമിക്കുകയാണ്. സർവീസ് റോഡുകൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ അനുബന്ധ ജോലികൾ അതിവേഗം പൂർത്തിയാക്കി അടുത്ത മാസം അവസാനത്തോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യം.

പാലത്തിന്റെ

നീളം: 800 മീറ്റർ

വീതി: 11 മീറ്റർ

രണ്ടാമത്തെ പ്രധാന പാലം

# 2016ൽ ആരംഭിച്ച പാലം നിർമ്മാണം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമതടസങ്ങൾ കാരണം ദീർഘകാലം മുടങ്ങിക്കിടന്നു. 2021 ഡിസംബറിൽ കേസുകൾ തീർപ്പാക്കിയതിനെ തുടർന്ന് 97.65 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിൽ 2024 മാർച്ച് ഒന്നിന് പുനരാരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്

# തുറവൂർ – പമ്പ ഹൈവേയുടെ ഭാഗമായ മാക്കേക്കടവ് – നേരേകടവ് പാലം പദ്ധതിയിലെ രണ്ടാമത്തെ പ്രധാന പാലമാണ്. ഏറ്റവും പ്രധാനപ്പെട്ട തുറവൂർ -തൈക്കാട്ടുശ്ശേരി പാലം നേരത്തെ പൂർത്തിയാക്കിയിരുന്നു. പാലം തുറക്കുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. മാത്രമല്ല,​ വാണിജ്യ,​ സാമൂഹിക വികസനത്തിന് വലിയ ഊർജം പകരുമെന്നും പ്രതീക്ഷിക്കുന്നു