ഒരു കിടപ്പുമുറിയും ഹാളും അടുക്കളയും ,​ മാസവാടക എട്ട് ലക്ഷം രൂപ,​ ഹോംടൂർ വീഡിയോ പങ്കുവച്ച് യുവതി

Friday 09 January 2026 12:15 AM IST

ഒരു മുറിയും അടുക്കളയും മാത്രമുള്ള തന്റെ യു.കെയിലെ അപ്പാർട്ട്മെന്റിന്റെ ഹോം ടൂർ വീഡിയോ പങ്കുവച്ച് ഇന്ത്യൻ യുവതി. മിനിട്ടുകൾക്കുള്ളിൽ വീഡിയോ വൈറലായി. അപ്പാർട്ട്മെന്റിന്റെ വാടകയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. വൺ ബി.എച്ച്.കെ അപ്പാർട്ട്മെന്റിന്റെ മാസവാടക ഏകദേശം എട്ടുലക്ഷം രൂപയാണെന്ന് യുവതി പറയുന്നു,​ ദീപാംശി ചൗധരി എന്ന യുവതിയാണ് മദ്ധ്യകിഴക്കൻ ലണ്ടനിലെ തന്റെ അപ്പാർട്ട്മെന്റിനെ കുറിച്ച് മനസ് തുറന്നത്. അപ്പാർട്ട്മെന്റ് പൂർണമായും ഫർണിഷ് ചെയ്തതാണെന്ന് യുവതി പറയുന്നു.

അപ്പാർട്ട്മെന്റിന്റെ ലോബി,​ ടോയ്ലെറ്റ്,​ കിടപ്പുമുറി,​ ലിവിംഗ്റൂം,​ അടുക്കള തുടങ്ങിയവ യുവതി പങ്കുവച്ച വീഡിയോയിൽ കാണാം. ' ലണ്ടനിലെ ഒറ്റമുറി അപ്പാർട്ട്മെന്റിലേക്കുള്ള ടൂർ,​ പൂർണമായും ഫർണിഷ് ചെയ്ത അപ്പാർട്ട്മെന്റാണിത്. വാടക അല്പം കൂടുതലാണെങ്കിലും ഈ സ്ഥലത്ത് ഇങ്ങനെയൊരു അപ്പാർട്ട്മെന്റിന് അത്രയും വിലവരും,​ ദീപാംശി വീഡിയോക്കൊപ്പം കുറിച്ചു.

വീഡിയോക്ക് താഴെ കമന്റിട്ടതിൽ ഭൂരിപക്ഷം പേരും അപ്പാർട്ട്മെന്റിന്റെ വാടകയെ കുറിച്ചാണ് പറഞ്ഞത്. താങ്ങാവുന്നതിലും അധികമാണ് വാടക എന്നാണ് കമന്റുകൾ. അവർ നിങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിലും കുറഞ്ഞ വാടകയ്ക്ക് ഇതിനെക്കാൾ നല്ലഅപ്പാർട്ട്മെന്റ് കിട്ടുമെന്നും ചിലർ പറഞ്ഞു