രുചിക്കൂട്ടുകളുടെ മേള: സ്‌പെഷ്യലായി നവധാന്യ ദോശയും ചക്കപ്പഴം പായസവും...
തൃശൂർ: സ്‌കൂൾ കലോത്സവത്തിൽ വേദികൾ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയം ഭക്ഷണശാല തന്നെ. ദിവസവും അമ്പതിനായിരത്തോളം പേർക്കാണ് ഭക്ഷണമൊരുക്കുന്നത്. രാവിലെ പ്രഭാത ഭക്ഷണം, 11ന് ചായ, 11.30 മുതൽ ഉച്ചഭക്ഷണം, വൈകിട്ട് നാലിന് ചായ, രാത്രി ഏഴു മുതൽ അത്താഴം എന്നിങ്ങനെയാണ് ക്രമീകരണം. വരുന്ന എല്ലാവർക്കും ഭക്ഷണം നൽകുകയാണ് ലക്ഷ്യം. കലവറ അവസാനഘട്ട ഒരുക്കത്തിലാണ്. ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്. ഇത്തവണ 13ന് തൃശൂരിലെത്തുന്ന മത്സരാർത്ഥികൾക്കും മറ്റുളവർക്കും രാത്രി ഭക്ഷണം നൽകും. പാർസലായും ഭക്ഷണം നൽകും.
നവധാന്യ ദോശയും ചക്കപ്പഴം പായസവും
നവധാന്യ ദോശയും ചക്കപ്പഴ പായവുമാണ് ഇത്തവണ സ്‌പെഷ്യൽ. ആദ്യ ദിവസം രാവിലെയാണ് കൊങ്ങിണി വിഭവമായ ഒമ്പത് ധാന്യങ്ങളടങ്ങിയ നവധാന്യ ദോശ തയ്യാറാക്കുക. മറ്റ് വിഭവത്തിന് പുറമേയാണ് ദോശ. ഉച്ചയ്ക്ക് 20,000 പേർക്ക് ഉച്ചഭക്ഷണത്തിന് ചക്കപ്പഴം പായസം നൽകും.
500 വളണ്ടിയർമാർ
രണ്ട് ഷിഫ്റ്റുകളിലായി അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം 500 വളണ്ടിയർമാരാണ് വിളമ്പാൻ ഉണ്ടാവുക. അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലാണ് ഭക്ഷണ ക്രമീകരണം.
പ്രഭാത ഭക്ഷണം - 10,000 ഉച്ചഭക്ഷണം - 20,000 അത്താഴം - 10,000 രാവിലെ ചായ - 3,000 വൈകിട്ട് ചായ - 7,000
ഭക്ഷണ മെനു ഇങ്ങനെ...
13, ചൊവ്വ
രാത്രി: ചോറ്, സാമ്പാർ, അവിയൽ, തോരൻ, അച്ചാർ, പപ്പടം, മോര്.
14, ബുധൻ
രാവിലെ: അപ്പം, വെജിറ്റബിൾ സ്റ്റു, നവധാന്യ ദോശ, ചായ. 11ന് ചായ, ഉഴുന്നു വട, ഉച്ചയ്ക്ക്: ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം, മോര്, ചക്കപ്പായസം. വൈകിട്ട്: ചായ, പഴംപൊരി. രാത്രി: ചപ്പാത്തി, വെജിറ്റബിൾ കുറുമ, കട്ടൻ കാപ്പി.
15, വ്യാഴം
രാവിലെ: ഇഡ്ഡലി, സാമ്പാർ, ചമ്മന്തി, ചായ. 11ന് ചായ, കായ ബജി. ഉച്ചയ്ക്ക്: ചോറ്, കാച്ചിയ മോര്, അവിയൽ, മസാലക്കറി, പച്ചടി, തോരൻ, അച്ചാർ, പപ്പടം, രസം, പാൽപായസം. വൈകിട്ട്: ചായ, ഉഴുന്നുവട. രാത്രി: ഇടിയപ്പം, കിഴങ്ങ് മസാലക്കറി, കട്ടൻ കാപ്പി.
16, വെള്ളി
രാവിലെ: ഉപ്പുമാവ്, ചെറുപയർ കറി, പഴം, ചായ. 11ന് ചായ. ഇലയട. ഉച്ചയ്ക്ക്: ചോറ്, സാമ്പാർ, കൂട്ടുകറി, മസാലക്കറി, കിച്ചടി, തോരൻ, അച്ചാർ, പപ്പടം, മോര്. വൈകിട്ട്: ചായ, കായ ബജി. രാത്രി: പൂരി, കടലക്കറി, ചായ.
17, ശനി
രാവിലെ: പുട്ട്, കടലക്കറി, ചായ. 11ന് ചായ, കോഴിക്കോട്ട. ഉച്ചയ്ക്ക്: ചോറ്, മോരുകറി, അവിയൽ, എരിശേരി, ഇഞ്ചിക്കറി, തോരൻ, അച്ചാർ, പപ്പടം, രസം. വൈകിട്ട്: ചായ, ഇലയട. രാത്രി: ചപ്പാത്തി, വെജ് മസാലക്കറി, കട്ടൻ കാപ്പി.
18, ഞായർ
രാവിലെ: ദോശ, സാമ്പാർ, ചട്‌നി, ചായ. 11ന് ചായ, നെയ്യപ്പം. ഉച്ചയ്ക്ക്: ചോറ്, പരിപ്പുകറി, അവിയൽ, തക്കാളിക്കറി, പൈനാപ്പിൾ കറി, തോരൻ, അച്ചാർ, പപ്പടം, മോര്. വൈകിട്ട്: ചായ, സുകിയൻ. രാത്രി: വെജിറ്റബിൾ ബിരിയാണി, സാലഡ്, അച്ചാർ, കട്ടൻ കാപ്പി.
മേളയിലെത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകുന്നതിനുള്ള സംവിധാനമാണ് ഭക്ഷണക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
-സജു ജോർജ്, ഭക്ഷണക്കമ്മിറ്റി കൺവീനർ