മാലിന്യത്തിനിടയിൽ സ്വർണ കൈചെയിൻ, ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേനാംഗം
ബുധനൂർ: പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിച്ചെടുക്കുന്നതിനിടെ കിട്ടിയ സ്വർണ കൈചെയിൻ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേനാംഗം മാതൃകയായി. ബുധനൂർ പഞ്ചയാത്ത് 15-ാം വാർഡിൽ ഹരിതകർമ്മ സേനാംഗം ബിന്ദു രമണനാണ് ഒരു പവൻ വരുന്ന കൈചെയിൻ കിട്ടിയത്. ബുധനൂർ തോപ്പിൽ ചന്തയ്ക്കു സമീപമുള്ള എം.സി.എഫിൽ നിന്ന് പ്ലാസ്റ്റിക്ക് വേർതിരിക്കുന്നതിനിടെയാണ് ചെയിൻ കൈയിൽ കിട്ടിയത്. ഉടൻ തന്നെ പഞ്ചായത്ത് സെക്രട്ടറി ടി.ജെ ജോൺസണെ സ്വർണ ചെയിൻ ഏപ്പിച്ചു. തുടർന്നു നടന്ന അന്വേഷണത്തിൽ ചാമക്കുറ്റിയിൽ പ്രസീദ അനിൽ കുമാറിന്റെ നഷ്ടപ്പെട്ട കൈ ചെയിനാണെന്നറിഞ്ഞതോടെ ഉടമയെ പഞ്ചായത്തിൽ വിളിച്ചു വരുത്തി സെക്രട്ടറി സ്വർണം കൈമാറുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ കുമാർ, സുജി സുന്ദേരശൻ, പ്രീത ആർ.നായർ, കോർഡിനേറ്റർ ആര്യാ മുരളി, സജുദേവ്, റോമിയോ, ഹരിതകർമസേനാംഗങ്ങളായ എസ്.ആശ, സി.രമ എന്നിവർ സന്നിഹിതരായിരുന്നു.