ഓപ്പറേഷൻ ഡി - ഹണ്ട്: നൈജീരിയ സ്വദേശി​ പിടിയിൽ

Friday 09 January 2026 2:33 AM IST

ചാരുംമൂട്: ജി​ല്ലയി​ലേക്ക് വൻതോതി​ൽ രാസലഹരി​ എത്തി​ച്ചി​രുന്ന സംഘത്തി​ലെ പ്രധാന കണ്ണി​യായ നൈജീരി​യ സ്വദേശിയെ അറസ്റ്റ് ചെയ്തു​. മുഹമ്മദ് ജാമിയു അബ്ദുൽ റഹീം (24) ആണ് നൂറനാട് പൊലീസി​ന്റെ പി​ടി​യി​ലായത്. കഴിഞ്ഞ മാസം 12 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വയനാട് എക്സൈസ് അസി.കമ്മീഷണർ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അതിസുരക്ഷാ തടങ്കലിൽ പാർപ്പിച്ചിരുന്ന ഇയാളെ നൂറനാട് എസ്.എച്ച്.ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 2022 ൽ ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ സിവിൽ എഞ്ചിനീയറിംഗ് പഠത്തിനായി വന്ന മുഹമ്മദ് ജാമിയു ഇപ്പോൾ അവസാന വർഷ വിദ്യാർത്ഥിയാണ്.രാസലഹരിക്ക് അടിമയായ ഇയാൾ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തി​ക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നൂറനാട് പടനിലത്ത് ജിംനേഷ്യം നടത്തി വന്ന അഖിൽ രാജ് എന്ന യുവാവിന്റെ വീട്ടിൽ നിന്നും 50 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിൽ അഖിൽരാജും കൂട്ടാളിയായ ജിം ട്രെയിനർ വിനുരാജും ചേർന്ന് ബാംഗ്ലൂർ മത്തിക്കരൈ എന്ന സ്ഥലത്തു നിന്നുമാണ് എം.ഡി.എം.എശേഖരിച്ചത് എന്നും കാസർകോട് സ്വദേശി മുഹമ്മദ് ജാബിദാണ് ഇതു കൈമാറിയതെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 16-ാം തീയതി അന്വഷണ സംഘം ബാഗ്ലൂരി​ൽ നിന്നും കാസർകോട് നെല്ലിക്കുന്ന്, നാക്കര (തൈവളപ്പിൽ) വീട്ടിൽ മുഹമ്മദ് ജാബിദ്.എൻ.എം (31) , കൂട്ടാളി, കോഴിക്കോട് , നീലേശ്വരം, ഓമശേരി, മാങ്ങാപൊയിൽ വീട്ടിൽ മുഹമ്മദ് സഹൽ (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ജാബിദിന്റെ അറസ്റ്റിനു ശേഷം നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ജാമിയു അബ്ദുൽ റഹീമാണ് ലഹരി​ കൈമാറുന്നതെന്ന് കണ്ടെത്തി​.

എ.എസ്.ഐ സിനു വർഗ്ഗീസ്, സീനിയർസിവിൽ പൊലീസ് ഓഫീസർമാരായ ശരത്.എ, കലേഷ്.കെ, ഗിരീഷ് ലാൽ.വി.വി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി​രുന്നു.