മുന്നിൽപ്പോയ കാർ ബ്രേക്കിട്ടു, പിന്നിൽ കൂട്ടയിടി
കോട്ടയം: ദേശീയപാതയിൽ പാമ്പാടി വട്ടമലപ്പടി വളവിൽ കാർ സഡൻബ്രേക്ക് ഇട്ടതിന് പിന്നാലെ അപകടത്തിൽപ്പെട്ടത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെ നാല് വാഹനങ്ങൾ. കോട്ടയത്തേക്ക് പോവുകയായിരുന്ന നാല് വാഹനങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ കൂട്ടിയിടിച്ചത്. മുന്നിൽ പോയ ഇന്നോവ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെയെത്തിയ ഫോർച്യുണർ കാറും കെ.എസ്.ആർ.ടി.സി ബസുംബ ്രേക്ക് ചെയ്തെങ്കിലും അപകടത്തിൽപ്പെടുകയായിരുന്നു. ഫോർച്യൂണർ ഇന്നോവയിലും കെ.എസ്.ആർ.ടി.സി ഫോർച്യൂണറിലും ഇടിച്ചു. ഇതിന് പിന്നാലെയെത്തിയ മറ്റൊരു കെ.എസ്.ആർ.ടി.സി ബസും മുന്നിലുണ്ടായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. നിസാരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശബരിമല തീർത്ഥാടകനെയും ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതക്കുരുക്കും ഉണ്ടായി. റോഡിൽ കുടുങ്ങിയ ബസുകളിലൊരെണ്ണം ജെ.സി.ബി എത്തിച്ച് വലിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പാമ്പാടി പൊലീസും പാമ്പാടി അഗ്നിശമന സേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മുന്നറിയിപ്പ് ബോർഡില്ല ദേശീയപാതയുടെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യുന്ന പണികൾ നടന്നു കൊണ്ടിരിക്കുകയാണ്. വളവിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. നിർമ്മാണം നടക്കുന്നതിനാൽ റോഡിൽ പൊടിശല്യവും രൂക്ഷമാണ്. ശബരിമല തീർത്ഥാടകർ, മറ്റ് സഞ്ചാരികൾ, കിഴക്കൻ മേഖലകളിലേക്കുള്ള നിരവധി ദീർഘദൂര ബസുകൾ അടക്കം പോകുന്ന പാതയാണിത്.