എസ്.ബി കോളേജിൽ അന്തർദേശീയ  കോൺഫറൻസ് കോൺഫ്‌ലുവൻസ്

Friday 09 January 2026 12:46 AM IST

ചങ്ങനാശേരി: സെന്റ് ബർക്കുമൻസ് കോളേജിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലും ഐ.ക്യൂ.എ.സിയും ഡീൻസ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് കോൺഫ്‌ലുവൻസ് 2026, 13, 14 തീയതികളിൽ നടക്കും. 'സുസ്ഥിരഭാവിക്കായി മനുഷ്യബന്ധങ്ങളെ കണ്ടെടുക്കുക' എന്ന സന്ദേശവുമായി നടക്കുന്ന സെമിനാർ ഗവേഷണമേഖലയിൽ അന്തർവൈജ്ഞാനികമായ സഹവർത്തിത്വം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 13ന് ആരംഭിക്കുന്ന ദ്വിദിന കോൺഫറൻസ് രാവിലെ 10ന് അതിരൂപതാദ്ധ്യക്ഷനും എസ്.ബി കോളേജ് രക്ഷാധികാരിയുമായ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഐ.ഐ.എസ്.ടിയുടെ പ്രൊ.വൈസ് ചാൻസലർ പ്രൊഫ.ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തും. യു.എസ്.എ ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ.ഇഗോർ വി.അലബുഗിൻ പ്രത്യേക പ്രഭാഷണം നിർവഹിക്കും. രണ്ടുദിവസങ്ങളിലായി നടത്തുന്ന കോൺഫറൻസിൽ യു.എസ്.എ ഫ്‌ളോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.റിച്ചാർഡ് ഷസ്റ്റർമെൻ, സ്‌പെയിൻ യൂണിവേഴ്‌സിറ്റി ഓഫ് നവാര പ്രൊഫ.ഡോ.മരിയാനോ ഇറ്റൂർബെ എന്നിവർ പ്രത്യേകപ്രഭാഷണം നടത്തും. 14ന് വൈകിട്ട് നാലിന് സമാപനസമ്മേളനത്തിൽ എസ്.ബി കോളേജ് മാനേജർ ഫാ.ആന്റണി ഏത്തയ്ക്കാട്ട് സന്ദേശവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും.