യു.എസ് പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരും
മോസ്‌കോ: വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നുമുള്ള രഹസ്യ എണ്ണക്കടത്തിന്റെ ഭാഗമെന്ന് ആരോപിച്ച് യു.എസ് പിടിച്ചെടുത്ത ബെല്ല-1 (മാരിനേര) കപ്പലിലെ ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. 28 ജീവനക്കാരാണ് റഷ്യയുടെ പതാക വഹിക്കുന്ന കപ്പലിലുള്ളത്. 17 പേർ യുക്രെയിൻ സ്വദേശികളും 6 പേർ ജോർജിയൻ പൗരന്മാരും 2 പേർ റഷ്യക്കാരുമാണെന്ന് ഒരു റഷ്യൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കോസ്റ്റ് ഗാർഡിന്റെ പിടിയിലുള്ള ജീവനക്കാർക്കെതിരെ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ വിചാരണ നേരിടേണ്ടി വരുമെന്നുമാണ് യു.എസിന്റെ പ്രതികരണം.
അതേ സമയം, തങ്ങളുടെ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കണമെന്നും ജീവനക്കാരോട് മാന്യമായി പെരുമാറണമെന്നും റഷ്യ ആവശ്യപ്പെട്ടു. യു.എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ബെല്ല-1നെ ബുധനാഴ്ചയാണ് വടക്കൻ അറ്റ്‌ലാന്റികിൽ നിന്ന് പിടികൂടിയത്. ഡിസംബർ മുതൽ കപ്പൽ പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു യു.എസ്. അപകടം മണത്ത കപ്പൽ മാരിനേര എന്ന് പേരുമാറ്റുകയും റഷ്യൻ രജിസ്ട്രേഷനിലാക്കുകയും ചെയ്തു. എന്നാൽ രജിസ്ട്രേഷൻ താത്കാലികമാണെന്ന് റഷ്യ അറിയിച്ചു. മറ്റ് രാജ്യങ്ങളുടെ അധികാര പരിധിയിലുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ആർക്കും അവകാശമില്ലെന്നും റഷ്യ യു.എസിനെ ഓർമ്മിപ്പിച്ചു.