66 സംഘടനകളിൽ നിന്ന് യു.എസ് പിന്മാറും
Friday 09 January 2026 7:30 AM IST
വാഷിംഗ്ടൺ: 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും യു.എസ് പിന്മാറും. ഇതുസംബന്ധിച്ച ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടു. 'അമേരിക്ക ഫസ്റ്റ്" നയത്തിന്റെ ഭാഗമാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു.
ഫലപ്രദമല്ലാത്തതോ അമേരിക്കൻ താത്പര്യങ്ങൾക്ക് വിരുദ്ധമായതോ ആയ സ്ഥാപനങ്ങൾക്കായി രാജ്യത്തെ നികുതിദായകരുടെ പിന്തുണ തുടരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. സംഘടനകളിലെ പങ്കാളിത്തവും ധനസഹായം നൽകലും അവസാനിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം തുടങ്ങാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ഏജൻസികൾക്കും ട്രംപ് നിർദ്ദേശം നൽകി.
66 സംഘടനകളിൽ 31 എണ്ണം യു.എന്നിന്റെ കീഴിലുള്ളവയാണ്. ഇന്ത്യ അദ്ധ്യക്ഷ പദവി വഹിക്കുന്ന ഇന്റർനാഷണൽ സോളാർ അലയൻസും പട്ടികയിലുണ്ട്. പട്ടികയിലെ ഏറിയ പങ്കും കാലാവസ്ഥ, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളാണ്.