'മോദി ട്രംപിനെ 'സർ' എന്ന് വിളിച്ചിട്ടില്ല, വിളിച്ചിട്ടേയില്ല', വ്യക്തമാക്കി അമേരിക്കൻ വ്യാപാര സെക്രട്ടറി
വാഷിംഗ്‌ടൺ: അഞ്ച് വർഷമായി മുടങ്ങിക്കിടന്ന ഹെലികോപ്റ്റർ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന്‌മോദി തന്നെ 'സർ' എന്ന് വിളിച്ചു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വാദങ്ങളെല്ലാം തെറ്റെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലൊരു വ്യാപാര കരാർ ഉണ്ടാകുന്നത് പരാജയപ്പെട്ടു എന്നാണ് ട്രംപിന്റെ വിശ്വസ്‌തനും യുഎസ് കൊമേഴ്‌സ്യൽ സെക്രട്ടറിയുമായ ഹോവാർഡ് ലുട്‌നിക് വ്യക്തമാക്കുന്നത്.
താൻ ഒരു കരാർ ഉണ്ടാക്കിയെങ്കിലും അതിന് അന്തിമരൂപമായില്ല എന്നാണ് ലുട്‌നിക് പറയുന്നത്. ഇതിന് കാരണം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപിനെ വിളിക്കാത്തതുകൊണ്ടാണെന്ന് ലുട്‌നിക് വ്യക്തമാക്കുന്നു.' കരാറെല്ലാം ഞാൻ തയ്യാറാക്കിയിരുന്നു. മോദി പ്രസിഡന്റ് ട്രംപിനെ വിളിക്കണമെന്ന് ഞാൻ പറഞ്ഞു. അവർക്ക് അത് ബുദ്ധിമുട്ടായതിനാൽ മോദി വിളിച്ചില്ല.' ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പങ്കെടുക്കവെ ലുട്‌നിക് പറഞ്ഞു. ഇന്ത്യയും അമേരിക്കയും കരാർ ഒപ്പിടുന്നതിന്റെ അടുത്തെത്തിയെങ്കിലും കേന്ദ്ര സർക്കാർ പിന്മാറുകയായിരുന്നുവെന്നാണ് അമേരിക്കൻ കൊമേഴ്‌സ്യൽ സെക്രട്ടറി സൂചിപ്പിക്കുന്നത്.
തൊട്ടടുത്ത ആഴ്‌ചകളിൽ ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പൈൻസ് തുടങ്ങി പല ഏഷ്യൻ രാജ്യങ്ങളുമായും അമേരിക്ക കരാറിലെത്തി. അതിനുമുൻപ് ഇന്ത്യയുമായി വ്യാപാര കരാറിലെത്തേണ്ടതായിരുന്നു. താൻ ഇന്ത്യയുമായി ഇതിനായി ഉന്നതതലത്തിൽ സംസാരിച്ചുനോക്കിയെന്നും ലുട്‌നിക് വ്യക്തമാക്കി.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് ഇനിയും കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അമേരിക്കൻ വ്യാപാര സെക്രട്ടറി ഇന്ത്യ-അമേരിക്ക കരാറിനെക്കുറിച്ച് തുറന്നുപറഞ്ഞത്. താൻ സന്തുഷ്ടനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്നും തന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു. എയർഫോഴ്സ് വണിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.