പാതിരാത്രി ആശുപത്രിക്കിടക്കയിൽ രണ്ടുവയസുകാരിയുടെ പൊട്ടിക്കരച്ചിൽ; അമ്മ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട്

Friday 09 January 2026 12:50 PM IST

മലപ്പുറം: തിരൂർ ജില്ലാ അശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് വയസുകാരിയുടെ സ്വർണമാല മോഷണം പോയതായി പരാതി. രാത്രി ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ചെമ്പ്ര ഏനിൻകുന്നത്ത് സൈഫുദ്ദീൻ - റിസ്വാന ഷെറിൻ ദമ്പതികളുടെ മകൾ ഷംസ ഷഹദിന്റെ മുക്കാൽ പവൻ തൂക്കംവരുന്ന മാലയാണ് മോഷണം പോയത്.

പനിയെത്തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ മൂന്നാം നിലയിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും വാർഡിലാണ് കുഞ്ഞിനെ അഡ്‌മിറ്റ് ചെയ്‌തിരുന്നത്. ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ലാത്തതിനാൽ മാതാവ് റിസ്വാന മാത്രമാണ് കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ബുധനാഴ്‌ച രാത്രി കുട്ടി നിർത്താതെ കരഞ്ഞതോടെ ഞെട്ടി ഉണർന്ന റിസ്വാന കുട്ടിയെ എടുത്തു. അപ്പോഴാണ് മാല മോഷണം പോയെന്ന് അറിയുന്നത്. വാർഡിൽ ലൈറ്റ് അണയ്‌ക്കരുതെന്ന നിർദേശം ഉണ്ടെങ്കിലും കുട്ടി കരയുന്ന സമയത്ത് ലൈറ്റ് ഓഫ് ചെയ്‌‌ത നിലയിലായിരുന്നുവെന്ന് മാതാവ് പറഞ്ഞു.

മാല ബലമായി പൊട്ടിച്ചതുകാരണമുണ്ടായ ചുവന്ന പാട് കുട്ടിയുടെ കഴുത്തിലുണ്ട്. ഈ വാർഡിലോ സമീപത്തോ സിസിടിവിയും സ്ഥാപിച്ചിട്ടില്ല. വൈകിട്ട് പുറത്തിറങ്ങിയ ശേഷം ആശുപത്രിക്കുള്ളിലേക്ക് കയറുമ്പോൾ കുഞ്ഞിന്റെ കഴുത്തിൽ മാലയുള്ളതായി പ്രവേശനകവാടത്തിനടുകത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

രോഗികളും കൂട്ടിരിപ്പുകാരും സ്വര്‍ണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉപയോഗിക്കുരുത്, അത്തരം സാധനസാമഗ്രികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കണം, രോഗികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് വാര്‍ഡുകളില്‍ സിസിടിവി സ്ഥാപിക്കാത്തതെന്നും പ്രവേശന കവാടത്തിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.