'സമ്മർദം സഹിക്കാൻ കഴിയുന്നില്ല, ഉറങ്ങിയിട്ട് ദിവസങ്ങളായി'; കോടതി കെട്ടിടത്തിൽ നിന്ന് ചാടി ക്ലാർക്ക് ജീവനൊടുക്കി

Friday 09 January 2026 2:43 PM IST

ന്യൂഡൽഹി: സാകേത് ജില്ലാ കോടതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു. ഹരീഷ് സിംഗ് മഹർ എന്ന യുവാവാണ് മരിച്ചത്. ജോലി സമ്മർദം കാരണമുള്ള മാനസിക സമ്മർദമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇക്കാര്യം ഹരീഷ് സ്വന്തം കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. മരിക്കാനുള്ള തീരുമാനം സ്വയം എടുത്തതാണെന്നും അതിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

കോടതിയിൽ ക്ലാ‌ർക്കായാണ് ഹരീഷ് ജോലി ചെയ്‌തിരുന്നത്. ജോലിക്ക് കയറിയ ആദ്യനാളുകളിൽ തന്നെ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള തോന്നലുകൾ ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഈ അവസ്ഥ സ്വയം മറികടക്കാനാകുമെന്ന് കരുതി മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാൽ, താൻ പരാജയപ്പെട്ടുപോയെന്നും ഹരീഷിന്റെ കുറിപ്പിൽ പറയുന്നു.

'ഞാൻ 60 ശതമാനം വൈകല്യമുള്ള ആളാണ്. ഈ ജോലി എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതാണ്. ജോലി സമ്മർദം കാരണം എനിക്ക് ദിവസങ്ങളായി ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു. എപ്പോഴും ഞാൻ അമിതമായി ചിന്തിച്ചുകൊണ്ടിരിക്കുമായിരുന്നു. 60 വയസിന് മുമ്പ് വിരമിച്ചാൽ പെൻഷനോ പിഎഫോ ലഭിക്കില്ലെന്നതും എന്റെ മാനസിക സമ്മർദം വർദ്ധിപ്പിച്ചു' - ഹരീഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.