പുതുവർഷത്തിൽ വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനം, കാരണം ഇതാണ്

Friday 09 January 2026 3:18 PM IST

നമ്മളിൽ പലരും പുതുവർഷത്തിൽ ഓരോ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് പതിവാണ്. ചിലർക്ക് കരിയറിലാണെങ്കിൽ മറ്റു ചിലർക്ക് ആരോഗ്യത്തിലായിരിക്കും ശ്രദ്ധ. എന്നാൽ മറ്റു ചിലർക്ക് ദാമ്പത്യ കാര്യങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ജനുവരിയിലാണ് വിവാഹമോചന അപേക്ഷകളിൽ വർദ്ധനവുണ്ടായെന്നാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. 33ശതമാനമാണ് വർദ്ധനവുണ്ടായത്. നവംബർ, ഡിസംബർ മാസങ്ങളിൽ ഇത് 50ശതമാനം വരെ കുറയാറുണ്ട്. ഗൂഗിളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരയുന്നതും എങ്ങനെ വിവാഹ മോചനം നേടാമെന്നാണ്. ഇത് ജനുവരിയിൽ കുത്തനെ ഉയർന്നതായും കാണുന്നുണ്ട്.

വിവാഹബന്ധം വേർപെടുത്താൻ ജനുവരി മാസം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി അവധി ദിനങ്ങളിലെ സമ്മർദ്ദമാണ്. ഉത്സവങ്ങളുടെയും കുടുംബസംഗമങ്ങളുടെയും കാലമാണ് നവംബർ, ഡിസംബർ മാസങ്ങൾ. കുട്ടികൾക്ക് വേണ്ടിയും കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടിയും പലരും തകർന്ന ബന്ധങ്ങളെ സഹിച്ചു മുന്നോട്ട് കൊണ്ടുപോകാറുണ്ട്. അവധി തീരുമ്പോൾ ആ സമാധാനം കെടുകയും തീരുമാനമെടുക്കാൻ വീണ്ടും സ്വയം പ്രേരിതരാവുകയും ചെയ്യുന്നു.

രണ്ടാമതായി മനഃശാസ്ത്രപരമായ കാര്യങ്ങളാണ്. പുതിയ വർഷം, പുതിയ തുടക്കം എന്ന ചിന്താഗതി ആളുകളുടെ മാനസികാരോഗ്യത്തിന് കരുത്ത് പകരുന്നു. ഇനിയും ഒരു വർഷം കൂടി ഇങ്ങനെ തുടരാനാകുമോ? എന്ന ചോദ്യമാണ് പലരെയും വിവാഹമോചനത്തിലേക്ക് നയിക്കുന്നത്.

സാമ്പത്തിക കാരണങ്ങളാണ് മൂന്നാമതായി വരുന്നത്. വർഷാവസാനം ലഭിക്കുന്ന ബോണസുകളും നികുതി ഇടപാടുകളും കൃത്യമായി തീർത്ത ശേഷം, പുതുവർഷത്തിൽ സമാധാനമായി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് പലരും തീരുമാനിക്കുന്നു.

എന്നാൽ ലോകത്തിലെ എല്ലാ വിദഗ്ദ്ധരും ജനുവരിയെ മാത്രം മോചനമാസമായി കാണുന്നില്ല. ചിലർ ഇതിനെ 'ഡിവോഴ്സ് സീസൺ' എന്ന് വിശേഷിപ്പിക്കാനാണ് താല്പ്പര്യപ്പെടുന്നത്. ജനുവരിയിൽ നടപടികൾ തുടങ്ങിയാൽ അത് പൂർത്തിയാകുന്നത് മാർച്ചിലോ ആഗസ്റ്റിലോ ആയിരിക്കും. കുട്ടികളുടെ വേനൽ അവധിക്ക് ശേഷമുള്ള ഓഗസ്റ്റ് മാസത്തിലും വിവാഹമോചനത്തിനുള്ള അപേക്ഷകൾ കൂട്ടാറുണ്ട്.

വിശ്വാസമില്ലായ്മ, പൊരുത്തക്കേടുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, പരസ്പരം പ്രതിബദ്ധതയില്ലാതാവുക എന്നിങ്ങനെയാണ് പങ്കാളികൾ വിവാഹമോചനം തേടാനുള്ള പ്രധാന കാരണങ്ങൾ.

എന്തായാലും ജനുവരി എന്നത് ബന്ധങ്ങൾ തകരുന്ന മാസമല്ല, മറിച്ച് തകർന്നുപോയ ബന്ധങ്ങളിൽ നിന്ന് മോചനം നേടാൻ ആളുകൾ തീരുമാനമെടുക്കുന്ന മാസമായിട്ടാണ് കാണേണ്ടത്. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ആഘോഷ കാലത്ത് കാത്തുനിന്നവർ, പുതുവർഷത്തിന്റെ വരവോടെ സ്വന്തം സമാധാനത്തിന് മുൻഗണന നൽകുന്നതാണ് 'ജനുവരി ട്രെൻഡിന്' പിന്നിലെ യാഥാർത്ഥ്യം.