തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ; അമിത് ഷായുടെ ഓഫീസ് ഉപരോധിച്ച തൃണമൂൽ എംപിമാർ കസ്റ്റഡിയിൽ
ന്യൂഡൽഹി: കൊൽക്കത്തയിൽ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ തലവൻ പ്രതീക് ജെയിനിന്റെ ഓഫീസ്, വസതി എന്നിവിടങ്ങളിൽ ഇ ഡി നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്ത മന്ത്രിയുടെ ഓഫീസ് ഉപരോധിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് വിവരങ്ങൾ ചോർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'നാണക്കേട്' എന്ന് വിളിച്ച് പൊലീസ് നടപടിയെ അപലപിച്ച മൊയ്‌ത്ര, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗാളിൽ തങ്ങൾ തന്നെ ജയിക്കുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വിവരങ്ങൾ ചോർത്താൻ അമിത് ഷാ ഇ ഡിയെ കൊള്ളക്കാരായി ഉപയോഗിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. മഹുവയ്‌ക്കൊപ്പം ടിഎംസി എംപി ഡെറക് ഒബ്രിയാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതീക് ജെയിൻ തൃണമൂൽ കോൺഗ്രസിന്റെ ഐടി സെൽ മേധാവി ആണെന്നും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അടങ്ങിയ ഹാർഡ്‌ഡിസ്‌കുകളും രേഖകളും പിടിച്ചെടുക്കാനാണ് റെയ്‌ഡ് നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. റെയ്‌ഡ് നടന്നുകൊണ്ടിരിക്കെ പ്രതീക് ജെയിനിന്റെ വസതിയിൽ നേരിട്ടെത്തിയ മമത ബാനർജി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത തന്റെ പാർട്ടി രേഖകളും ഹാർഡ്‌ഡിസ്‌കുകളും തിരികെ വാങ്ങിയതായും റിപ്പോർട്ടുണ്ട്.