'ഞങ്ങൾക്കൊപ്പം വന്നാൽ ഓരോരുത്തർക്കും 100,000 ഡോളർ'; ഗ്രീൻലാൻഡുകാരെ കയ്യിലെടുക്കാൻ ട്രംപിന്റെ പുതിയ വാഗ്ദാനം

Friday 09 January 2026 3:50 PM IST

വാഷിംഗ്‌ടൺ: ഡെൻമാർക്കിൽ നിന്ന് വേർപിരിഞ്ഞ് അമേരിക്കയിൽ ചേരാൻ ഗ്രീൻലാൻഡിലെ ഓരോ നിവാസിക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പണം വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 10,000 ഡോളർ മുതൽ 100,000 ഡോളർവരെ ഓരോരുത്തർക്കും നൽകാനാണ് വൈറ്റ് ഹൗസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. 57,000 ആണ് ഗ്രീൻലാൻഡിന്റെ ജനസംഖ്യ. ലോകത്തെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ് ഗ്രീൻലൻഡ്.

ഗ്രീൻലൻഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണി യുഎസ് കഴിഞ്ഞദിവസവും ആവർത്തിച്ചിരുന്നു. ഗ്രീൻലൻഡിനെ സ്വന്തമാക്കുന്നത് യുഎസിന്റെ ദേശീയ സുരക്ഷാ മുൻഗണനയിൽപ്പെടുന്നതാണെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ലക്ഷ്യം നേടാൻ സൈന്യത്തെ ഉപയോഗിക്കുന്നത് അടക്കം മാർഗ്ഗങ്ങൾ പരിഗണനയിലുണ്ടെന്നും പറഞ്ഞിരുന്നു.

ആർട്ടിക് മേഖലയിൽ റഷ്യൻ, ചൈനീസ് സാന്നിദ്ധ്യം തടയാനാണ് യുഎസ് ഗ്രീൻലൻഡിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, ഗ്രീൻലൻഡ് വില്പനയ്ക്ക് വച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൻ പ്രതികരിച്ചത്. അമേരിക്ക ഗ്രീൻലാൻഡ് ആക്രമിച്ചാൽ ആദ്യം വെടിവയ്ക്കാനും പിന്നീട് ചോദ്യങ്ങൾ ചോദിക്കാനും തങ്ങളുടെ സൈനികരോട് നിർദേശിച്ചിട്ടുണ്ടെന്ന് ഡെന്മാർക്ക് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ സൈനികർ ആക്രമണകാരികളെ നേരിടണമെന്ന് നിഷ്കർഷിക്കുന്ന 1952ലെ സൈനിക നിയമത്തിന് അനുസൃതമാണിത്.

300ഓളം വർഷമായി ഡെൻമാർക്കിന്റെ നിയന്ത്രണത്തിലാണ് ഗ്രീൻലൻഡുള്ളത്. ഗ്രീൻലൻഡ് അവിടുത്തെ ജനങ്ങളുടേതാണെന്നും ഡാനിഷ് പരമാധികാരത്തെ ബഹുമാനിക്കണമെന്നും ഫ്രാൻസ്, ജർമ്മനി, യു.കെ, കാനഡ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.