കാർ ട്രക്കിലിടിച്ച് മുൻ മന്ത്രിയുടെ മകളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം; അപകടം ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ

Friday 09 January 2026 4:16 PM IST

ഭോപ്പാൽ: കാർ ട്രക്കിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. മുൻ മന്ത്രിയുടെ മകൾ പ്രേരണ ബച്ചൻ, കോൺഗ്രസ് സംസ്ഥാന വക്താവിന്റെ മകൻ പ്രഖർ കസ്ലിവാൽ, മന സന്ധു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനുഷ്‌ക രതി എന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 5.15ഓടെ ഇൻഡോറിലെ രാലമണ്ഡയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു.

കോൺഗ്രസ് വക്താവിന്റെ ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. കാർ ഓടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കി. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു കാർ സഞ്ചരിച്ചത്. തകർന്ന കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. അപകടത്തിന് തൊട്ടുമുമ്പ് ഇവർ പാർട്ടി നടത്തിയിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.