'മഞ്ജു ഒറ്റയ്ക്കല്ല, വലിയൊരു കുടുംബമുണ്ട്', ശാരദക്കുട്ടിയുടെ കുറിപ്പിന് ശോഭനയുടെ മറുപടി
മഞ്ജു വാര്യരുടെ തളരാത്ത പോരാട്ടവീര്യത്തെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റും നടി ശോഭന നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ മഞ്ജു വാര്യർ തന്റെ ബിഎംഡബ്ല്യു ബൈക്കിൽ ധനുഷ്‌കോടിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്.
'ആണിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും വഴങ്ങാതെ പറന്നുനടക്കുന്ന പെണ്മയാണ് മഞ്ജു. കുടുംബമില്ലെങ്കിലും തനിക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് മഞ്ജു തെളിയിച്ചുവെന്നും, പെൺകുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് മഞ്ജു വാര്യർ.' എന്നായിരുന്നു ശാരദക്കുട്ടി കുറിച്ചത്. അതേസമയം, ശാരദക്കുട്ടിയുടെ കുറിപ്പിനെ പ്രശംസിക്കുമ്പോഴും അതിലെ പ്രത്യേക പ്രയോഗത്തോടാണ് ശോഭന എതിർപ്പ് അറിയിച്ചത്.
മഞ്ജുവിന് കുടുംബമില്ലെന്ന പരാമർശത്തിന് മറുപടിയായി ശോഭന കുറിച്ചത് ഇങ്ങനെയാണ്: 'മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട്. മിക്ക ആളുകൾക്കുമുള്ളതിനേക്കാൾ വലിയ ഒന്നാണത്. അവൾക്ക് ഞങ്ങളുണ്ട്, അവളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാറ്റിനുമുപരി അവളുടെ സിനിമകളിലൂടെ അവൾ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്...ആരാധകരുണ്ട്. അതുകൊണ്ട് നീ തകർപ്പനായി മുന്നേറൂ പെണ്ണേ..യാതൊരു തടസങ്ങളുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ. കലയും നിന്റെ ബൈക്കും മാത്രം കൂട്ടിനുണ്ടാവട്ടെ.' ശോഭന കുറിച്ചു.
നമ്മൾ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും സ്‌നേഹിക്കുന്ന ലോകവുമാണ് യഥാർത്ഥ കുടുംബമെന്ന ശോഭനയുടെ നിരീക്ഷണം സോഷ്യൽ മീഡിയയിലും കയ്യടി നേടുകയാണ്. സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും പിന്തുണയും ഏതൊരു സ്ത്രീക്കും വലിയ കരുത്താണെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.