വിഷ്‌ണു മോഹന്റെ ചിത്രത്തിൽ മോഹൻലാൽ

Saturday 10 January 2026 6:00 AM IST

മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ ചിത്രങ്ങൾക്കുശേഷം വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ. ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ആണ് നിർമ്മാണം. ചിത്രത്തിൽ പല ഗെറ്റപ്പുകളിൽ മോഹൻലാൽ എത്തും എന്നാണ് സൂചന. ആഗസ്‌റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഉണ്ണിമുകുന്ദൻ നായകനായ മേപ്പാടിയാനിലൂടെ അരങ്ങേറ്റം കുറിച്ച വിഷ്‌ണുമോഹന്റെ രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെയിൽ ബിജു മേനോനും മേതിൽ ദേവികയുമാണ് പ്രധാന വേഷത്തിൽ എത്തിയത്. മോഹൻലാലും യുവ സംവിധായകരിൽ ശ്രദ്ധേയനായ വിഷ്‌ണു മോഹനും കൈകോർക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. അതേസമയം പുതുവർഷത്തിൽ മോഹൻലാൽ ആദ്യം അഭിനയിക്കുന്നത് തരുൺമൂർത്തി ചിത്രത്തിൽ ആണ്. തുടരും എന്ന ബ്ളോക് ബസ്‌റ്ററിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒരുമിക്കുന്ന ചിത്രം വൻ താരനിരയിലാണ്. രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തിൽ പൊലീസ് കഥാപാത്രമാണ് മോഹൻലാലിന്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.ഇതാദ്യമായാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിനു പപ്പു ആണ് ക്രിയേറ്റീവ് ഡയറക്ടർ. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.തൊടുപുഴയാണ് ലൊക്കേഷൻ.പുതുവർഷത്തിൽ പാട്രിയറ്റ് ആണ് മോഹൻലാലിന്റെ ആദ്യ റിലീസ്. മമ്മൂട്ടിയും മോഹൻലാലും നീണ്ട 19 വർഷത്തിനുശേഷം ഒരുമിക്കുന്ന പാട്രിയറ്റ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നു.