മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ്........ 'പത്രാധിപർ പ്രതിമയ്‌ക്ക് ഒരു പോറലുമേൽക്കില്ല '
കോട്ടയം : കോടിമത രണ്ടാംപാലം അപ്രോച്ച് റോഡ് പൂർത്തീകരണത്തിനായി കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ പ്രതിമ ഉൾപ്പെടുന്ന പത്രാധിപർ സ്ക്വയറിൽ കൈവയ്ക്കാനുള്ള പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇടപെടലോടെ പൊളിഞ്ഞു. പത്രാധിപർ സുകുമാരനെപ്പോലെ കേരളം ആരാധിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ പ്രതിമയെ പാലം അപ്രോച്ച് റോഡിന്റെ പേരിൽ തൊടാൻ അനുവദിക്കില്ല. യാതൊരു പോറലും ആ മഹാന്റെ പ്രതിമയ്ക്ക് ഏൽക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി. ഉന്നത ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പത്രാധിപർ സ്ക്വയർ എം.സി റോഡിൽ നിന്ന് മാറി കോട്ടയം നഗരസഭയുടെ എം.ജി റോഡിലാണെങ്കിലും പ്രതിമ മാറ്റണമെന്ന ചില ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ മന്ത്രി വി.എൻ.വാസവൻ, എം.പിമാർ, എം.എൽ.എമാർ, കോട്ടയം നഗരസഭാ ചെയർമാൻ, മറ്റു ജനപ്രതിനിധികൾ, പത്രാധിപർ പ്രതിമാ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, കേരളകൗമുദിയുടെ അഭ്യുദയാകാംക്ഷികൾ എന്നിവർ രംഗത്തെത്തിയിരുന്നു.
മന്ത്രിയുടെ നിലപാട് പ്രശംസനീയം
''റോഡ് വികസനത്തിന് എതിരല്ല. വികസനം വേണം. എന്നാൽ സാമൂഹ്യ നീതിക്കായി പത്രാധിപർ കെ.സുകുമാരൻ നടത്തിയ പോരാട്ടവും കേരളീയ നവോത്ഥാനത്തിന് നൽകിയ സംഭാവനകളും കണക്കിലെടുക്കേണ്ടിയിരുന്നു. കോടിമതയിലെ സ്ഥലത്ത് തന്നെ പത്രാധിപർ പ്രതിമ നിലനിറുത്താൻ മന്ത്രിയുടെ ഓഫീസ് തയ്യാറായത് പ്രശംസനീയമാണ്.
-ജോസ് കെ മാണി എം.പി
നിലപാട് മാറ്റിയത് സ്വാഗതാർഹം
പത്രാധിപരുടെ പ്രതിമയും അത് സ്ഥിതി ചെയ്യുന്ന സ്ക്വയറും അക്ഷരനഗരിയ്‌ക്ക് അഭിമാനമാണ്. കെ. സുകുമാരനെ പോലെയുള്ള നവോത്ഥാന നായകരെ ബഹുമാനിക്കുകയും അവരുടെ ചരിത്ര സാംഗത്യം പുതുതലമുറയിലേക്ക് പകരുകയും ചെയ്യേണ്ടതിന് പകരം റോഡ് വികസനത്തിന്റെ ഭാഗമായി പത്രാധിപർ പ്രതിമ മാറ്റാനുള്ള നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. ഈ ശ്രമം ഉപേക്ഷിക്കാൻ ബന്ധപ്പെട്ടവർ അവസാനം തയ്യാറായെന്നത് സ്വാഗതാർഹമാണ്.
-ഫ്രാൻസിസ് ജോർജ് എം.പി
മന്ത്രിയുടെ ഇടപെടലിൽ സന്തോഷം
പ്രതിമാ നിർമ്മാണ കമ്മിറ്റിയിലുള്ളവർ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് പത്രാധിപരുടെ പ്രതിമ കോടിമതയിൽ സ്ഥാപിച്ചത്. അപ്രോച്ച് റോഡിനായി ചില ഉദ്യോഗസ്ഥർ അത് മാറ്റാൻ നടത്തിയ നീക്കം മന്ത്രിയുടെ ഇടപെടലോടെ പൊളിഞ്ഞുവെന്നതിൽ വലിയ സന്തോഷം.
-അഡ്വ. പി.എൻ.അശോക് ബാബു (പ്രതിമാനിർമ്മാണ കമ്മിറ്റി വൈസ് ചെയർമാൻ )