ബ്ലഡ് ബാങ്കിലുണ്ടായിരുന്നത് മൃഗത്തിന്റെ രക്തം, സ്ഥാപനത്തിന് ലൈസന്‍സുമില്ല; വന്‍ ക്രമക്കേട്
ഹൈദരാബാദ്: ബ്ലഡ് ബാങ്കില്‍ മനുഷ്യന്റെ രക്തത്തിന് പകരം സൂക്ഷിച്ചിരുന്നത് മൃഗത്തിന്റെ രക്തം. ആടിന്റെ രക്തമാണ് ലാബില്‍ നിന്ന് കണ്ടെത്തിയത്. ഇതിന് പുറമേ നിരവധി ക്രമക്കേടുകളാണ് തെലങ്കാനയിലെ കാച്ചിഗുഡിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎംകെ ലാബില്‍ കണ്ടെത്തിയത്. ബ്ലഡ് ബാഗുകളിലാണ് ആടിന്റെ രക്തം നിറച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ലാബിലെ ജീവനക്കാരനാണെന്നാണ് വിവരം.
തെലങ്കാന സ്വദേശിയായ നികേഷിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒളിവിലുള്ള ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ലാബില്‍ നിന്ന് മൃഗത്തിന്റെ രക്തം കണ്ടെത്തിയത്. ഡിസിഎ (ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേറ്റര്‍) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 1000 ലിറ്ററോളം രക്തം പിടികൂടിയത്. മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയെന്ന വ്യാജേനയാണ് ആടിന്റെ രക്തം ലാബില്‍ സൂക്ഷിച്ചിരുന്നത്.
ലാബില്‍ സൂക്ഷിച്ചിരുന്ന ആടിന്റെ രക്തം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം പറയുന്നു. രാജസ്ഥാനിലെ ഒരു കമ്പനിയിലേക്ക് രക്തം അയച്ചതായും സംശയിക്കുന്നുണ്ട്.
ബ്ലഡ് ബാങ്കുകളില്‍ ഇത്തരത്തില്‍ മൃഗങ്ങളുടെ രക്തം ശേഖരിക്കുന്നതിന് അനുമതി നല്‍കാന്‍ നിയമമില്ലെന്നിരിക്കെ എന്തിനാണ് മൃഗത്തിന്റെ രക്തം ശേഖരിച്ചിരുന്നതെന്നാണ് അന്വേഷിക്കുന്നത്. ബ്ലഡ് ബാഗുകളില്‍ രക്തം സംഭരിക്കുന്നതിനും ഓട്ടോക്ലേവ് മെഷീന്‍ ക്ലേവ് മെഷീന്‍ ഉപയോഗിക്കുന്നതിനും ലൈസന്‍സ് ആവശ്യമുണ്ട്. എന്നാല്‍ ലാബിന് ഇവ രണ്ടും ഇല്ലെന്നാണ് കണ്ടെത്തല്‍.