ഒരു തന്ത്രിയിൽ ഒതുക്കേണ്ട വിഷയം അല്ല,​ ഉന്നതരിലേക്കും അന്വേഷണം എത്തണമെന്ന് കുമ്മനം

Friday 09 January 2026 8:54 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റിലായതിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. കേവലം ഒരു തന്ത്രിയിൽ ഒതുക്കേണ്ട വിഷയം അല്ല ഇതെന്നും അടൂർ പ്രകാശ്, സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ ഉന്നതരിലേക്കും അന്വേഷണം എത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മകരവിളക്ക് നടക്കാൻ പോകമ്പോൾ തന്ത്രി അറസ്റ്റിലായി എന്നത് ഭക്തർക്ക് ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണ്. കുറ്റവാളികൾ ആരായാലും, മന്ത്രി ആയാലും തന്ത്രി ആയാലും അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകണം. നിയമം നിയമത്തിന്റെ വഴിയിൽത്തന്നെ പോണം. പക്ഷേ ഈ അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ഭക്തജനങ്ങൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണപ്പാളികൾ വിറ്റതാർക്ക്, ആർക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല. മുൻ ദേവസ്വം മന്ത്രി കടകമ്പള്ളി സരേന്ദ്രനെ ചോദ്യം ചെയ്തു, പക്ഷേ പിന്നീട് എന്തുണ്ടായി. ദേശീയ അന്തർദ്ദേശീയ മാനമുള്ള കേസായതിനാൽ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം. എന്നാൽ ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികളുടെ അന്വേഷണത്തെ എതിർക്കുന്നതിൽ ദുരൂഹതയുണ്ട്. രാജ്യാന്തര ബന്ധമുള്ള സംഭവത്തിൽ ദേശീയ ഏജൻസികൾ വേണ്ട എന്ന നിലപാട് അന്വേഷണത്തിൽ ചില നീക്കുപോക്കുകൾ ഉണ്ട് എന്ന സംശയം ജനിപ്പിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.