ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

Saturday 10 January 2026 11:01 PM IST

പാലോട്: ചോഴിയക്കോട് മിൽപ്പാലത്തിനടുത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലായിൽ സത്യമംഗലം കാനൂരിൽ ഹസ്ന മൻസിലിൽ നുജുമുദീൻ–സജീന ദമ്പതികളുടെ മകൻ മുഹമ്മദ് അഹ്സാൻ (17) ആണ് മരിച്ചത്. പരുത്തി എസ്.എൻ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അഹ്സാൻ കഴിഞ്ഞ മൂന്നാം തീയതി സുഹൃത്തുക്കളോടൊപ്പം കുളത്തുപ്പുഴ ചോഴിയക്കോട് ഭാഗത്തെ കല്ലടയാറ്റിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ശക്തമായ ഒഴുക്കിൽപ്പെട്ട അഹ്സാനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്.