റീടാറിംഗ് ഒരു മാസത്തിനുള്ളിൽ തകർന്നു

Friday 09 January 2026 9:03 PM IST

കാഞ്ഞങ്ങാട്: റീ ടാറിംഗ് കഴിഞ്ഞ് ഒരു മാസം കഴിയുന്നതിനു മുമ്പ് ചേടിറോഡ് -വാഴുന്നോറോടി റോഡ് പൊട്ടി പൊളിഞ്ഞു. ക്രമക്കേട് കണ്ടതിനെ തുടർന്ന് 44 ലക്ഷം ചിലവിട്ടുള്ള ടാറിംഗ് പ്രവൃത്തിയ്ക്കിടയിൽ തന്നെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വിജിലൻസിലും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നതാണ്. ചേടിറോഡ് ജംഗ്ഷനിൽ വാഹനം കടന്നു പോകുമ്പോൾ ടാറിംഗ് ഭാഗം അടർന്നുപോയതോടെ നാട്ടുകാർ പ്രതിഷേധിച്ചു.തുടർന്ന് അടർന്നു പോയ ഭാഗം ടാർ ചെയ്യാൻ കരാറുകാരൻ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. റോഡ് പണിയിൽ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചേടിറോഡ് - വാഴുന്നോറോടി റോഡ് വികസനത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ ആവശ്യപ്പെട്ടു.ഇല്ലെങ്കിൽ ശക്തമായ ജനകീയസമരത്തിന് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.