പാലോത്തുംകടവിൽ മിണ്ടാപ്രാണികളുടെ കൂട്ടക്കുരുതി: കടുവ ആദ്യം ആക്രമിച്ചത് കിടാവിനെ; കടത്താൻ കഴിയാതെ കൂട്ടക്കശാപ്പ്

Friday 09 January 2026 10:36 PM IST

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ പുല്ലാട്ടുക്കുന്നേൽ രൂപേഷ് രാഘവന്റെ ഫാമിൽ കടന്ന കടുവ നടത്തിയത് കൂട്ടക്കശാപ്പ്. അത്യുത്പാദന ശേഷിയുള്ള രണ്ട് കറവപ്പശുക്കളും ഗർഭിണിയായ മറ്റൊരു പശുവും ഒരു കിടാവുമാണ് കടുവയുടെ ക്രൗര്യത്തിന് ഇരയായത്. സാമ്പത്തികമായുള്ള കനത്ത നഷ്ടത്തിന് പുറമെ അരുമകളായി വള‌ർത്തുന്ന നാൽക്കാലികളുടെ നഷ്ടത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഈ കുടുംബം.

കടുവയുടെ ആക്രമണത്തോടെ പ്രദേശം ഒന്നാകെ ഭയപ്പാടിലാണ്ടിരിക്കുകയാണ്.പശുക്കളെ ആക്രമിച്ച് കൊന്നത് കടുവ തന്നെയാണെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണകാരിയായ കടുവയെ കൂട് വച്ച് പിടിക്കുവാനുള്ള നടപടികളിലേക്ക് കടന്നതായി അധികൃത അറിയിച്ചു. ഇതിന് മുന്നോടിയായി മേഖലയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

പാലത്തുംകടവിലെ പുല്ലാട്ടുക്കുന്നേൽ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഫാം. വായ്പയെടുത്താണ് ഈ കുടുംബം ഫാം തുടങ്ങിയത്. രൂപേഷിന്റെ സഹോദരൻ രാഗേഷ് രാഘവനാണ് ഫാം നോക്കിനടത്തുന്നത്.

പശുക്കൾക്ക് പുല്ലിട്ടു നൽകുന്ന ഭാഗത്തൂടെ എത്തിയ കടുവ ആദ്യം ചെറിയ കിടാവിനെ കഴുത്തിൽ കടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് നിഗമനം. എന്നാൽ തടിച്ച ഇരുമ്പുപൈപ്പു കൊണ്ടുള്ള അഴികൾക്കുള്ളിലൂടെ കിടാവിനെ വലിച്ചെടുക്കാൻ കഴിയാത്തതിനെ തുടർന്ന് സമീപത്ത് കെട്ടിയ മറ്റ് പശുക്കളേയും ആക്രമിച്ചിട്ടുണ്ടാകുമെന്നാണഅ വനംവകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്. വലിയ പശുവിന്റെ ജഢം കിടന്ന ഭാഗത്ത് രക്തം തളം കെട്ടിയിട്ടുണ്ട്. ഈ രക്തത്തിൽ ഉൾപ്പെടെ കടുവയുടെ കാൽപ്പാദം പതിഞ്ഞിട്ടുണ്ട്. തൊഴുത്തിന്റെ താഴത്തുഭാഗത്ത് ചാണകവും വെള്ളവും കെട്ടി നിന്ന ഭാഗത്തും കടുവയുടെ കാൽപ്പാടുകൾ കൃത്യമായി പതിഞ്ഞ നിലയിലാണ്. ഇത് പരിശോധിച്ചാണ് വനം വകുപ്പ് വന്യമൃഗം കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

സംഭവമറിഞ്ഞ് സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ , അയ്യൻക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ,കൊട്ടിയൂർ റേഞ്ചർ ടി.നിതിൻ രാജ്,വനം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റർ അഞ്ചൽകുമാർ, കണ്ണൂർ ഡിഎഫ്ഒ കെ. വൈശാഖ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.

കറവയ്ക്കെത്തിയപ്പോൾ കണ്ടത് കരൾ നുറുങ്ങും കാഴ്ച

രൂപേഷിന്റെയും രാഗേഷിന്റെയും അമ്മ സരസുവാണ് സ്ഥിരമായി പശുവിനെ കറക്കുന്നത്. ഇവരുടെ വീട്ടിൽ നിന്നും നൂറു മീറ്ററോളം അകലത്തിലാണ് തൊഴുത്ത്. ഇന്നലെ പുലർച്ചെ കറവക്കായി എത്തിയപ്പോഴാണ് കൂട്ടക്കുരുതി കണ്ടത്. നെഞ്ചു തകർക്കുന്ന കാഴ്ച കണ്ട ഇവരുടെ നിലവിളി കേട്ടാണ് വീട്ടുകാർ അയൽവാസികളെ വിളിച്ചറിയിച്ചത്. ചത്ത പശുക്കളുടെയും കിടാവിന്റെയും കഴുത്തിൽ കടുവയുടെ പല്ല് ആഴ്ന്നിറങ്ങിയതിന്റെ പാടുകളുണ്ട്. ഒരാഴ്ച മുമ്പ് ഇതെ പ്രദേശത്ത് താമസിക്കുന്ന സന്തോഷ് പാലക്കലിന്റെ വീട്ടിന് മുന്നിൽ കെട്ടിയ വളർത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നിരുന്നു. അത് കടുവയുടെ ആക്രമണമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. കേരള, കർണ്ണാടക വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയാണിത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കർണാടക വനം വകുപ്പ് അധികൃതരും പരിശോധന നടത്തി.