ഇടതിനെ തിരിച്ചടിച്ചത് 'പിണറാധിപത്യം!' ,​ സി.പി.എം- ബി.ജെ.പി ഡീൽ പത്തിടത്ത്: ഹസൻ

Saturday 10 January 2026 12:36 AM IST

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയുമായി ഡീൽ നടക്കാൻ സാദ്ധ്യതയുണ്ടെന്നും,​ അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവും,​ യു.ഡി.എഫം മുൻ കൺവീനറുമായ എം.എം. ഹസൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്കു കാരണം ഭരണവിരുദ്ധ വികാരമാണെന്നും ഹസൻ പറയുന്നു. കേരളകൗമുദിയുമായുള്ള സംഭാഷണത്തിൽ നിന്ന്:

?​ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനും കോൺഗ്രസിനും നൽകുന്ന ഊർജ്ജം...

 തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയമാണ് ലഭിച്ചത്. കോൺഗ്രസിന്റെ കൂട്ടായ പ്രവർത്തനവും ജനങ്ങൾക്കിടയിലുള്ള ശക്തമായ ഭരണവിരുദ്ധ വികാരവുമാണ് വിജയത്തിനു കാരണം. തദ്ദേശ തിരഞ്ഞെടുപ്പിനെ നിയമസഭാ ഇലക്ഷന്റെ കർട്ടൻ റെയ്സർ ആയി വേണം കാണാൻ.

?​ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ വളരെ നേരത്തേ പ്രഖ്യാപിക്കുമോ.

 സ്ഥാനാർത്ഥി നിർണയത്തിനായി എ.ഐ.സി.സിയുടെ സർവേ നടക്കുന്നുണ്ട്. സ്വകാര്യ ഏജൻസികളും സ്ഥാനാർത്ഥി സാദ്ധ്യത പരിശോധിക്കുന്നുണ്ട്. എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചതിനു ശേഷമാകും കെ.പി.സി.സി, ഡി.സി.സി എന്നിവയുടെ അഭിപ്രായം കൂടി സ്വരൂപിച്ച് പൊതുസമ്മതരായ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുക. വിജയസാദ്ധ്യതയാണ് പ്രധാന യോഗ്യത.

?​ രാഹുൽ മാങ്കൂട്ടത്തിൽ കേസ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ.

 തദ്ദേശ തിരഞ്ഞെടുപ്പിൽ രാഹുൽ വിഷയം സി.പി.എം ഉന്നയിച്ചെങ്കിലും ജനം തള്ളി. രാഹുലിനെതിരെ കോൺഗ്രസ് ശക്തമായ നടപടിയെടുത്തു. എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ പറയാൻ പാർട്ടിക്കാവില്ല. ശബരിമല സ്വർണക്കൊള്ളയിൽ ഇപ്പോഴും ജയിലിൽ കഴിയുന്നവർക്കെതിരെ സി.പി.എം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല.

?​ ഭരണവിരുദ്ധ വികാരമെന്ന ആരോപണത്തോടൊപ്പം,​ മുഖ്യമന്ത്രിയുടെ ശൈലിയിലും വിമർശനമുണ്ടോ.

 തീർച്ചയായും. മുഖ്യമന്ത്രിയുടെ ശൈലിയിലും സംസാരത്തിലും ഭരണത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ്. ജനാധിപത്യ രീതിയിലുള്ള ഭരണമല്ല; ഏകാധിപത്യമാണ് കേരളത്തിൽ നടക്കുന്നത്. 'പിണറാധിപത്യം" ആണ് കേരളത്തിലുള്ളത്. സ്റ്റാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് പിണറായി. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി വിമർശിക്കപ്പെടേണ്ടതാണ്.

?​ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന കിട്ടില്ലേ.

 50 ശതമാനത്തിൽ കൂടുതൽ യുവനിരയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അതോടൊപ്പം അനുഭവ സമ്പത്തുള്ള മുതിർന്ന നേതാക്കൾക്കും പരിഗണന നൽകും. 70- 90 സീറ്റിലെങ്കിലും കോൺഗ്രസ് മത്സരിക്കും. യുവനിരയിൽ വനിതകൾക്ക് കുടുതൽ പ്രാധാന്യം നൽകും. നേതാക്കൾക്കു പുറമേ സമൂഹത്തിൽ സ്വാധീനമുള്ളവരെയും പരിഗണിക്കും. സാമൂഹ്യ മാദ്ധ്യമങ്ങളിലെ സേവനമല്ല യോഗ്യതയായി കാണുന്നത്.

?​ സ്ഥാനാർത്ഥികൾക്ക് ടേം വ്യവസ്ഥയുണ്ടോ. നിലവിലെ എം.പിമാർ മത്സരിക്കുമോ...

 സിറ്റിംഗ് എം.എൽ.എമാർക്ക് മത്സരിക്കാൻ യാതൊരു തടസവും ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിജയസാദ്ധ്യതയാണ് പ്രധാന മാനദണ്ഡം. ജനസമ്മതരാണെങ്കിൽ ഹൈക്കമാൻഡ് അനുവദിക്കും. ഒരു എം.പി സ്ഥാനാർത്ഥിയായാൽ മറ്റുള്ളവരും ആഗ്രഹം പ്രകടിപ്പിക്കും. അത് ചർച്ച ചെയ്യുന്നുണ്ട്. ഉഭയകക്ഷി ചർച്ചകൾ കഴിഞ്ഞാലുടൻ സ്ഥാനാർത്ഥി നിർണയ പ്രക്രിയയിലേക്ക് കടക്കും.

?​ സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി ഡീൽ ആരോപിച്ചതിന്റെ അടിസ്ഥാനം.

 വ്യക്തമായ തെളിവുകളുണ്ട്. 10 മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ഡീൽ നടക്കാൻ സാദ്ധ്യതയുണ്ട്. അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇവരുടെ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പി.എം ശ്രീ പദ്ധതി. 12-ന് കേന്ദ്ര സർക്കാരിനെതിരെ സി.പി.എമ്മിന്റെ സമരമുണ്ട്. കഴിഞ്ഞ പത്തുവർഷം ഈ സമരം കണ്ടില്ല. പ്രധാനമന്ത്രിക്ക് ആറന്മുള കണ്ണാടിയും ബാലരാമപുരം കസവും കൊടുക്കാൻ മാത്രമാണ് മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രധാന ശത്രുവായ കോൺഗ്രസിനെതിരെ അവർ യോജിക്കും.

?​ കേരളത്തിലെ ബി.ജെ.പിയുടെ വളർച്ച.

 ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണക്കാർ സി.പി.എമ്മും ആർ.എസ്.എസുമാണ്. ബി.ജെ.പിയെ തടയാൻ കോൺഗ്രസ് മാത്രമേ ശ്രമിക്കുന്നുള്ളൂ. ഭരണത്തിനു വേണ്ടിയും കോൺഗ്രസിനെ തോല്പിക്കാനും സി.പി.എം അവരെ സഹായിക്കുന്നു. സി.പി.എമ്മുകാരാണ് കൂടുതലായും ബി.ജെ.പിയിലേക്ക് പോകുന്നത്. എ.കെ ബാലനെപ്പോലെ നിരവധി പേർ സംസാരിക്കുന്നത് ബി.ജെ.പി നേതാക്കളെ പോലെയാണ്.

?​ വിജയം നേടിയാൽ മുഖ്യമന്ത്രി ആരാകും.

 മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ആരെയും അവതരിപ്പിക്കാറില്ല. ആ ചോദ്യം ചോദിക്കാൻ സി.പി.എമ്മിന് അവകാശമില്ല. കാരണം പിണറായി വിജയനല്ലാതെ മറ്റൊരാളുടെ പേര് അവിടെയില്ല. അത് സ്വപ്നം കാണാൻ പോലും സി.പി.എമ്മിൽ ആർക്കും അവകാശമില്ല. ശൈലജ ടീച്ചറുടെ പേര് എവിടെയോ ഉയർന്നതോടെ അവർക്ക് ദുർഗതിയായി. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരു ഡസനോളം പേരുണ്ട്.