'എന്റെ ഭൂമി" ഇന്റഗ്രേറ്റഡ് പോർട്ടൽ ഇന്ത്യയിൽ ആദ്യം: മന്ത്രി കെ. രാജൻ
തൊടുപുഴ: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 'എന്റെ ഭൂമി" എന്ന പേരിൽ ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ നമ്മുടെ സംസ്ഥാനത്താണെന്നത് റവന്യൂ വകുപ്പിന്റെ ഏറ്റവും മികച്ച പ്രവർനങ്ങളിൽ ഒന്നാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കെ.ആർ.ഡി.എസ്.എയുടെ തൊടുപുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികഭൂമി ക്രമവത്കരിക്കാൻ സെറ്റിൽമെന്റ് ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തി ലാണ് കേരള സർക്കാർ. സെറ്റിൽമെന്റ് ആക്ടിൽ ഇപ്പോഴും ഗവർണ്ണർ ഒപ്പിട്ടിട്ടില്ല. ഗവർണ്ണർ സെറ്റിൽമെന്റ് ആക്ടിൽ ഒപ്പിട്ടാൽ ഏറ്റവും ചുരുങ്ങിയ സമയത്തിൽ സംസ്ഥാനം മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
സെമിനാർ ഉദ്ഘാടനം ചെയ്തു
കെ.ആർ.ഡി.എസ്.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന രണ്ടാം സെറ്റിൽമെന്റ് ആക്ടും അധിക ഭൂമിയുടെ ക്രമത്കരണവും എന്ന സെമിനാർ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജന്മിത്വവും നാടുവാഴിത്തവും നിലനിന്ന കാലഘട്ടത്തിൽ കേരളത്തിലെ നിസ്വരായ മനുഷ്യരെ ഭൂഉടമകളാക്കി ജന്മിത്തം അവസാനിപ്പിച്ച ഭൂപരിഷ്‌കരണ നിയമത്തിന്റെ തുടർച്ചയാണ് രണ്ടാം സെറ്റിൽമെന്റ് ആക്ടെന്ന് അദ്ദേഹം പറഞ്ഞു. കെ.ആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി. സുമോദ് അദ്ധ്യക്ഷനായിരുന്നു. ജയചന്ദ്രൻ കല്ലിങ്കൽ രണ്ടാം സെറ്റിൽമെന്റ് നിയമം സംബന്ധിച്ച വിഷയാവതരണം നടത്തി. തുടർന്ന് എ. രാജ എം.എൽ.എ, ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ വി.സി. ജയപ്രകാശ്, സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. സജീബ് കുമാർ, സർവ്വേ ഓഫീസ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം. മനോജ്, കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ആർ. സിന്ധു, എസ്. സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്നലകളിൽ നയിച്ചവർ എന്നപേരിൽ മുൻകാല നേതാക്കളെ ആദരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സതീഷ് കെ. ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ ആർ. രമേശ്, സംസ്ഥാന കമ്മിറ്റി അംഗം എം.ജെ .ബെന്നിമോൻ, കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹുസൈൻ പതുവന എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി. സുരേഷ് ബാബു പ്രമേയങ്ങളും വിനോദ് വി. നമ്പൂതിരി ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് അംഗം എ.എം. നൗഷാദ് നന്ദി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡി.കെ. സജിമോൻ നന്ദി പറഞ്ഞു.