ടോറസ് ലോറി മുകളിലേയ്ക്ക് മറിഞ്ഞു വീട് തകർന്നു,​ ഒഴിവായത് വൻ ദുരന്തം

Saturday 10 January 2026 12:00 AM IST

വീടിനു മുകളിലേയ്ക്ക് മറിഞ്ഞ ടോറസ് ലോറി

നെടുങ്കണ്ടം: ലോഡുമായെത്തിയ ടോറസ് ലോറി താന്നിമൂട്- പത്തിനിപ്പാറ റോഡിൽ കൊരട്ടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് നെടുങ്കണ്ടം താന്നിമൂട് സ്വദേശി അബ്ദുൾ റസാക്കിന്റെ വീട് പൂർണ്ണമായും തകർന്നു. ഇന്നലെ രാവിലെ ഒമ്പതിന് തമിഴ്നാട്ടിൽ നിന്ന് മെറ്റൽ കയറ്റി വന്ന ടി.എൻ 60 ബി.എക്സ് 9832 ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. താന്നിമൂട്- പത്തിനിപ്പാറ റോഡിന്റെ കുറച്ചു ഭാഗത്തെ നിർമ്മാണത്തിനായുള്ള മെറ്റലുമായി തമിഴ്നാട്ടിൽ നിന്നുമെത്തിയതായിരുന്നു വാഹനം. കയറ്റം കയറി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുരുളുകയായിരുന്നു. ഷീറ്റിട്ട വീട് പൂർണമായും തകർന്ന നിലയാണ്. 15 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് അബ്ദുൾറസാഖ് പറയുന്നത്. വാഹനം ഓടിച്ച തമിഴ്നാട് സ്വദേശിക്ക് നിസാര പരിക്കേറ്റു. അപകടമുണ്ടാക്കിയ വാഹനത്തിന് പിന്നാലെയാണ് അബ്ദുൾറസാഖ് വീട്ടിലേക്ക് എത്തിയത്. ഭാര്യ ജോലിക്കും കുട്ടികൾ സ്‌കൂളുകളിലും പോയിരുന്നു. റോഡ് നിർമ്മാണ കരാറുകാരനും ലോറി ഉടമയും ചേർന്ന് വീട് നിർമ്മിച്ചു നൽകാമെന്നറിയിച്ചതായി വീട്ടുടമ പറഞ്ഞു. അബ്ദുൽറസാക്ക്, ഭാര്യ മൈമൂൻ, മകൻ റഷീദ്, മരുമകൾ അജിമി, അവരുടെ രണ്ടു കുട്ടികളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.