അകകണ്ണുള്ളവർക്ക് അക്ഷര വെളിച്ചം പകർന്ന് ''ദീപ്തി ബ്രെയിലി''

Saturday 10 January 2026 12:00 AM IST
ദീപ്തി ബ്രെയിലി

 ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചു

തൊടുപുഴ: സാക്ഷരതാ മിഷന്റെ 'ദീപ്തി ബ്രെയിലി' സാക്ഷരതാ പദ്ധതിയുടെ ആദ്യ ബാച്ചിൽ ജില്ലയിൽ പഠിച്ചിറങ്ങിയത് 19 പേർ. 2024 നവംമ്പറിൽ പ്രവേശനം നേടിയ ബാച്ചാണ് കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയത്. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് കുടയത്തൂർ അന്ധവിദ്യാലയത്തിലാണ് ക്ലാസ് നൽകിയത്. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ക്ലാസ്. നാല് മാസമാണ് കോഴ്സിന്റെ കാലാവധി. 17 വയസ് മുതൽ മുകളിലേക്കുള്ളവരായിരുന്നു പഠിതാക്കൾ. ഐ.സി.ഡി.എസ് മുഖാന്തരമാണ് ഇവരെ തിരഞ്ഞെടുത്തത്. രണ്ടാം ബാച്ചിന്റെ പ്രവേശനം ഈ മാസം തന്നെ നടക്കും. അടിസ്ഥാന വിദ്യാഭ്യാസം നൽകി കാഴ്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സംസ്ഥാന സാക്ഷര താമിഷൻ കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവരുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. കാഴ്ച പരിമിതർക്ക് ബ്രെയിലി ലിപിയിൽ അക്ഷരജ്ഞാനം നൽകുന്നതിനും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു ബൃഹത് പദ്ധതിയാണ് ഇത്. ഇതിലൂടെ അവർക്ക് തൊഴിലധിഷ്ഠിത പരിശീലനവും നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പദ്ധതിയിലൂടെ കാഴ്ചപരിമിതരായവർക്ക് വിദ്യാഭ്യാസം നേടാനും സ്വയംപര്യാപ്തരാകാനും സാധിക്കും.

പ്രധാന ലക്ഷ്യം:  കാഴ്ചപരിമിതരെ ബ്രെയിൽ ലിപി വായിക്കാനും എഴുതാനും പഠിപ്പിക്കുന്നു  പഠനത്തോടൊപ്പം സ്മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നു  പഠനത്തിനൊപ്പം തൊഴിൽ നൈപുണ്യവും നൽകുന്നു

പ്രത്യേക പരിശീലനം തേടിയ അദ്ധ്യാപകർ അടിസ്ഥാന വിദ്യാഭ്യാസമുള്ള, ബ്രെയിലി ലിപി കോഴ്സ് പഠിച്ച പ്രത്യേക ഇൻസ്ട്രക്ടർമാരാണ് പരിശീലകർ. ഇതിനായി സംസ്ഥാന തലത്തിൽ ഒരാളെ നിയോഗിച്ചിട്ടുണ്ട്. കേട്ടുപഠിക്കാനും സൗകര്യമുണ്ട്. പാട്ട്, കഥ, കളികൾ എന്നിവയിലൂടെ പഠനം രസകരമാക്കും. ബ്ലോക്ക് തലത്തിലുള്ള സ്‌കൂളുകൾ, പൊതുസ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളാണ് പഠനകേന്ദ്രങ്ങൾ.

'' പദ്ധതിയുടെ ഭാഗമായി ആദ്യ ബാച്ചിന് സർട്ടിഫിക്കറ്റ് നൽകി. അടുത്ത ബാച്ചിന് ഉടൻ ക്ലാസുകൾ ആരംഭിക്കും""

-പി.എം. അബ്ദുൾ കരീം (സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ)