കേളകത്ത് വന്യജീവി സാന്നിദ്ധ്യം; ദൃശ്യം പുലിയുടേതെന്ന് നാട്ടുകാർ
കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ വരപ്പോത്തുകുഴി ബാബുവിന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ വന്യജീവിയുടെ ദൃശ്യം പുലിയുടേതാണെന്ന് നാട്ടുകാർ. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് സംഭവം. വീട്ടുമുറ്റത്തു നിന്നും പുലിയുടേതെന്ന് കരുതുന്ന കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലേക്ക് വാഹനം വരുമ്പോൾ വന്യജീവി ഓടി മാറുന്നതായാണ് ദൃശ്യത്തിലുള്ളത്. തൊട്ടടുത്തുള്ള ബാവലിപ്പുഴയുടെ കരയിലൂടെ വനത്തിൽ നിന്നും എത്തിയ വന്യജീവിയാകാമെന്ന് ബാബു പറഞ്ഞു.വിവരമറിഞ്ഞ് എത്തിയ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ദൃശ്യങ്ങളും കാല്പാടുകളും പരിശോധിച്ചതിൽ നിന്നും പൂച്ചപ്പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. വന്യജീവി കേളകം ടൗണിന് സമീപം വരെ എത്തിയെന്ന വിവരത്തെത്തുടർന്ന് കടുത്ത ആശങ്കയിലാണ് ഇവിടത്തുകാർ.
മലയോര മേഖലയിലെ വന്യജീവി ശല്യം സർക്കാർ ഗൗരവത്തിൽ കാണണം.വന്യജീവി ശല്യം പരിഹരിക്കാൻ നടത്തിയ അദാലത്തുകളിൽ പരിഹാരം ഉണ്ടാകുന്നില്ലെന്നും വലിയ അനാസ്ഥയാണ് . വന്യജീവി ആക്രമണത്തിൽ ന്യായമായ നഷ്ട പരിഹാരം നൽകാൻ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണം-സണ്ണി ജോസഫ് എം.എൽ.എ
(കെ.പി.സി.സി പ്രസിഡന്റ്)